ഇന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം പടിഞ്ഞാറന്‍ രാജസ്ഥാന്‍ കച്ച് മേഖലയില്‍ നിന്ന് ഇന്നത്തോടെ കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യത. ഉയര്‍ന്ന ലെവലില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി മ്യാന്മാറിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. രണ്ട് ചക്രവാതചുഴിയുടെയും സ്വാധീനത്തില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ലഭിക്കും.
കേരള തീരത്ത് നാളെ (സെപ്റ്റംബര്‍ 24) രാവിലെ 05.30 മുതല്‍ സെപ്റ്റംബര്‍ 26 രാവിലെ 02.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.