ഇടുക്കിയിൽ പത്തിനും പതിനാറിനും ഹർത്താൽ

വ്യാഴം, 9 ജൂണ്‍ 2022 (22:42 IST)
ഇടുക്കി: ഇടുക്കിയിൽ പരിസ്ഥിതി ലോല മേഖലാ പ്രശ്‍നം വിഷയമാക്കി നാളെയും - പത്താം തീയതി - പതിനാറാം തീയതിയും ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തു. പത്താം തീയതി എൽ.ഡി.എഫ് ആണ്  ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെങ്കിൽ പതിനാറിന് യു.ഡി.എഫും. നേരത്തേ തന്നെ തങ്ങൾ പ്രഖ്യാപിച്ച ഹർത്താലിന് തടയിടാനെന്ന രീതിയിലാണ് ഇടതു മുന്നണി ഏഴു ദിവസം മുമ്പ് തന്നെ നോട്ടീസ് പോലും നൽകാതെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
 
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീഥിയിൽ പരിസ്ഥിതി ലോല മേഖല വേണം എന്ന സുപ്രീകോടതി വിധിയിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായാണ് എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. എന്നാൽ ജനകീയ വിഷയങ്ങളിൽ ഹർത്താൽ നടത്തുന്നതിന് നോട്ടീസ് നൽകേണ്ടതില്ല എന്നാണു സി.പി.എം.ജില്ലാ സെക്രട്ടറിയുടെ നിലപാട്.
 
സുപ്രീം കോടതിയുടെ ഈ വിധി അസ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ചും ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍