ഉത്തരേന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച മതപരിവര്‍ത്തന പരിപാടി കേരളത്തില്‍ വ്യാപകമായി നടപ്പിലാക്കാന്‍ വിശ്വ ഹിന്ദു പരിഷത് ശ്രമം തുടങ്ങി. അടുത്ത വര്‍ഷം തുടക്കത്തോടെ അഞ്ഞൂറിലറെ പേരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി വമ്പന്‍ പദ്ധതിയ്ക്കാണ് സംഘടന രൂപം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. വിവാദമായ ‘ഘര്‍ വാപസി‘എന്ന പേരിനു പകരം കേരളത്തിലെ പുനര്‍ മത പരിവര്‍ത്തന പദ്ധതിയ്ക്ക് ‘ശബരി കുംഭ്‘എന്ന പേരാണ് നല്‍കിയിരിക്കുന്നത്.
അതിനിടെ കേരളത്തില്‍ നടക്കുന്ന സംഘ പരിവാര്‍ പദ്ധതിയ്ക്ക് ശിവസേനയും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ദേശീയ തലത്തില്‍ നടക്കുന്ന പദ്ധതിയ്ക്ക് നേരത്തേ തന്നെ സേന പിന്തുണ അറിയിച്ചിരുന്നു. കേരളത്തിലെ സേനാ നേതാക്കള്‍ സമാനമായ പദ്ധതി നടപ്പിലാക്കുമെന്നാണ് വിവരം. ഇവര്‍ക്ക് പരിപാടി നടത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ സംഘപരിവാറുമായി യോജിക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം സംഘ പ്രിവാറിന്റെ ‘ശബരീ കുംഭ്‘ പദ്ധതി 2015 ജനുവരി ആദ്യത്തില്‍ തന്നെ തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള പദ്ധതിയും പ്രചാരണങ്ങളും സംഘടന തുടങ്ങിക്കഴിഞ്ഞു. കൊല്ലം ജില്ലയിലായിരിക്കും ആദ്യത്തെ ‘ശബരി കുംഭ്‘ നടത്തുക എന്നാണ് വിവരം. ശബരി കുംഭില്‍ വിവാദ ബിജെപി എംപിയായ യോഗി ആദിത്യ നാഥ് പങ്കെടുത്തേക്കുമെന്ന് വിവരങ്ങളുണ്ട്.
ഒരു കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ മതം സ്വീകരിച്ച് ദളിതരേയും ആദിവാസികളേയും ആണ് ആദ്യഘട്ടത്തില്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതെന്നാണ് വിവരം. നേരത്തെ ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ കൊല്ലത്തു നിന്ന് ആളുകള്‍ പങ്കെടുത്തിരുന്നു. അതിനിടെ ശിവസേനയും അടുത്ത ജനുവരിയില്‍ മത പരിവര്‍ത്തന പരിപാടി നടത്തി തുടങ്ങും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരിപാടി സംഘടിപ്പിക്കാനാണ് ശിവസേന നേതൃത്വം ഒരുങ്ങുന്നത്. അടുത്ത മാസം തുടക്കത്തില്‍ നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കും എന്നാണ് വിവരം.