ഭുവനേശ്വർ : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനെട്ടു സ്ത്രീകളെ വിവാഹം ചെയ്യുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്ത രമേശ് എന്ന 65 കാരനെ ഒഡീഷാ പോലീസ് അറസ്റ് ചെയ്തു. കേരളത്തിലും ഇയാൾ വിവാഹ തട്ടിപ്പ് നടത്തിയതായി പോലീസ് വെളിപ്പെടുത്തി. തട്ടിപ്പിന് ഇരയായവരിൽ അധികവും ഡോക്ടർമാരാണ്.
കൊച്ചിയിൽ മുമ്പ് നടന്ന ഒരു വിവാഹ തട്ടിപ്പു കേസിൽ ഇയാൾ പ്രതിയായിരുന്നു എന്നും അന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതാണെന്നും ആണ് പോലീസ് പറയുന്നത്. ഇയാൾ വിവാഹം ചെയ്ത 18 പേരിൽ 16 പേരും ഒഡീഷയ്ക്ക് പുറത്തുള്ളവരാണ്. ഡോക്ടർമാർ, ചാർട്ടേഡ് അക്കവുണ്ടന്റുമാർ, ഇൻഷ്വറൻസ് കമ്പനി ജനറൽ മാനേജർ, സുപ്രീംകോടതി അഭിഭാഷക തുടങ്ങി നിരവധി പേരാണ് ഇയാളുടെ കബളിപ്പിക്കലിന് ഇരയായത്.
1982 മുതൽ ഇയാൾ വിവാഹ തട്ടിപ്പുകൾ നടത്തി വരികയായിരുന്നു. ഡൽഹിയിലെ ഒരു വനിതാ ഡോക്ടറുടെ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. അസമിലെ ഒരു ഡോക്ടറെ കബളിപ്പിച്ചു ഇയാൾ 23 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കേവലം ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ഡോക്ടർ ആണെന്നാണ് അവകാശപ്പെട്ടു വിവാഹം കഴിച്ചിരുന്നത്.