ഡിഐജി ശ്രീജിത്ത് അധികാരദുര്‍വിനിയോഗം നടത്തി: ഇടി മുഹമ്മദ് ബഷീര്‍
തിങ്കള്‍, 2 ജൂണ്‍ 2014 (17:02 IST)
ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന കോഴിക്കോട്ടെ അനാഥാലയത്തിനെതിരെ മനുഷ്യക്കടത്തിന് കേസെടുത്ത ഡിഐജി ശ്രീജിത്ത് അധികാരദുര്‍വിനിയോഗം നടത്തിയെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ രംഗത്ത്.
സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമം ലംഘിച്ചാണ് അനാഥാലയത്തിനെതിരെ കേസെടുത്തതെന്നും അന്വേഷണ വിവരങ്ങള്‍ പുറത്തു പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അവകാശമില്ലെന്നും ഇടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അനാഥാലയത്തിലേക്ക് കൊണ്ടുവന്ന കുട്ടികളില്‍ ഒരാളുടെ പോലും അച്ഛനോ അമ്മയോ പരാതിയുമായി വന്നിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ഇത് മനുഷ്യക്കടത്താണെന്ന് എങ്ങനെയെന്ന് പറയുമെന്നും അദ്ദേഹം ചോദിച്ചു.
അനാഥാലയത്തെ മോശമായി ചിത്രീകരിക്കാനുള്ള അജണ്ടയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി എടുക്കും. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയോ, അവയവങ്ങള്‍ക്കായി കടത്തിക്കൊണ്ടു പോവുകയോ ഒക്കെ ചെയ്യുന്നതാണ് മനുഷ്യക്കടത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനാഥാലയങ്ങള്‍ നടത്തി പരിചയമുള്ളവരാണ് തങ്ങള്‍. അതിനെക്കുറിച്ച് പഠനം നടത്തുന്നവരാണ്. മുക്കത്തെ അനാഥാലായത്തിന്റെ കാര്യത്തില്‍ ആരോപിക്കപ്പെടുന്നതുപോലെ ഒരു സംഭവവും ഇല്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. നിരപരാധികളെയാണ് ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വെറുതെ വിടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.