ബന്ധുനിയമനവിവാദത്തില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍ രാജി വെച്ചേക്കില്ല. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്ന എ കെ ജി സെന്ററില്‍ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായതായാണ് സൂചന. നാലുമാസം മാത്രം പ്രായമായ മന്ത്രിസഭയില്‍ നിന്ന് ഒരു മന്ത്രി രാജിവെച്ച് പുറത്തു പോകുന്നത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യും. ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഇങ്ങനെയൊരു നടപടി കൊണ്ട് ഉണ്ടാകുക എന്നും വിലയിരുത്തലുണ്ട്.
ബന്ധുനിയമന വിവാദത്തില്‍ ജയരാജനും ശ്രീമതിക്കുമെതിരെ പാര്‍ട്ടി നടപടിയെടുക്കാനും ആലോചിക്കുന്നുണ്ട്. കൂടാതെ ജയരാജന് വകുപ്പ് മാറ്റി നല്കുന്ന കാര്യവും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. അതേസമയം, ജയരാജനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ടി പി രാമകൃഷ്‌ണനും എ കെ ബാലനും തോമസ് ഐസക്കും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.