ജയരാജന്റെ ബന്ധുസ്‌നേഹത്തില്‍ മുന്നണിയില്‍ കലഹം; ഇപിക്കെതിരെ എന്‍സിപിയും രംഗത്ത്
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (19:41 IST)
വ്യവസായ മന്ത്രി ഇപി ജയരാജന്റെ ബന്ധുസ്‌നേഹം ഇടതുചേരിയെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെ കൂടുതല്‍ എതിര്‍പ്പുകള്‍ ഉയരുന്നു. എല്‍ഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ എന്‍സിപിയാണ് ഏറ്റവും അവസാനമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഇപി ജയരാജന്റെ ബന്ധു നിയമനങ്ങളില്‍ അപാകതയുണ്ട്. ഇക്കാര്യം എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ വ്യക്തമാക്കി. സിപിഐ മുഖപത്രമായ ജനയുഗം ജയരാജന്‍ വിഷയത്തില്‍ നയം വ്യക്തമാക്കിയതിന് പിന്നാലെയാണ് എന്‍സിപിയും രംഗത്തു വന്നത്.
ബന്ധു നിയമനങ്ങളില്‍ എല്‍ഡിഎഫില്‍ നിന്ന് കൂടുതല്‍ എതിര്‍പ്പുകള്‍ വരുന്നതോടെ അടുത്ത മുന്നണിയോഗം ഇപി ജയരാജനെ ലക്ഷ്യം വച്ചുള്ളതായിരിക്കുമെന്ന് വ്യക്തമായി.
ജയരാജന്റെ ബന്ധുനിയമനത്തില്‍ പ്രതിഷേധമറിയിച്ച് സിപിഐ വെടി പൊട്ടിച്ചതും മുഖ്യമന്ത്രി പിണറായി വിജയനും ഇപിയെ തള്ളിപ്പറഞ്ഞതുമാണ് നിലവിലെ സാഹചര്യമൊരുക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും വിഎസ് അച്യുതാനന്ദനും ജയരാജനെതിരെ രംഗത്ത് വന്നതോടെ ഉറ്റസുഹൃത്തായ ജയരാജനെ തള്ളിപ്പറയേണ്ട അവസ്ഥയാണ് പിണറായിക്ക്.
അതിനിടെ സിപിഎമ്മിലെ കണ്ണൂര്‍ ലോബി ജയരാജനെതിരെ തിരിഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് സംസ്ഥാനം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയ പൊതുമാര്‍ഗ നിര്‍ദേശത്തില്‍ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കള്‍ ഭരണത്തില്‍ ഇടപെടരുതെന്ന് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും തലപ്പത്ത് ബന്ധുനിയമനങ്ങള്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ ജയരാജന്‍ ലംഘിച്ചുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.