പൂജ അവധിക്കു ശേഷം ജയരാജനെ പൂട്ടാനൊരുങ്ങി പിണറായിയുടെ വിശ്വസ്‌തന്‍!
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (14:00 IST)
ഇടതു സർക്കാരിനെ കുരുക്കിലാക്കിയ ബന്ധുനിയമനം ഗൌരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചതോടെ വ്യവസായമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍ പ്രതിസന്ധിയിലായതിനൊപ്പം വിജിലൻസിന്റെ കണ്ണ് ഇപിയിലേക്ക് നീളുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് കെ സുരേന്ദ്രനും നൽകിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലൻസിനു ത്വരിതാന്വേഷണം വേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പൂജ അവധിക്കു ശേഷം വിജിലൻസ് വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
വിവാദനിയമനം കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് വിജിലന്‍സിന് വ്യക്തമായാല്‍ കേസ് റജിസ്റ്റർ ചെയ്യേണ്ടി വരും. നിയമന ഉത്തരവു റദ്ദാക്കിയെങ്കിൽ പോലും കീഴ്‌വഴക്കങ്ങൾ അനുസരിച്ചു കേസുമായി മുന്നോട്ടു പോകേണ്ടി വരുകയും ചെയ്യും. നിയമനങ്ങളില്‍ ബന്ധുക്കള്‍ ഉള്‍പ്പെടുന്നതിനാല്‍ ‘സ്വജനപക്ഷപാതം’ എന്ന വകുപ്പും ചുമത്തേണ്ടി വരും.
പികെ ശ്രീമതിയുടെ മകന്റെ നിയമനത്തിൽ ഇപി ജയരാജൻ വ്യക്തിതാൽപര്യങ്ങളാൽ ഇടപെട്ടു എന്നു കണ്ടെത്തിയാൽ കേസെടുക്കേണ്ടി വരും. നിയമന ഉത്തരവ് റദ്ദാക്കിയതിനാൽ ശമ്പള ഇനത്തിൽ സർക്കാരിനു നഷ്ടം സംഭവിച്ചിട്ടില്ല എന്ന നിലപാടെടുത്താൽ പോലും കുറ്റകൃത്യം നിലനിൽക്കുമെന്നു വിജിലൻസ് ഉന്നതർ വ്യക്തമാക്കി.
പൊതുപ്രവർത്തകൻ എന്ന പദവി ദുരുപയോഗപ്പെടുത്തി സ്വയമോ, മറ്റുള്ളവർക്കോ അന്യായ ഗുണം ചെയ്യുന്ന പ്രവൃത്തിക്ക് ഒന്നു മുതൽ ഏഴു വരെ വർഷം ശിക്ഷ നൽകുന്നതാണ് അഴിമതി നിരോധന നിയമത്തിലെ ഈ വകുപ്പുകൾ.
അഴിമതി നിരോധന നിയമപ്രകാരം ജയരാജനെതിരെ വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസ് നടപടി സ്വീകരിക്കുമോ എന്നാണ് എല്ലാവരും ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. വിജിലന്‍സ് എന്തു നടപടി സ്വീകരിക്കുമെന്നു കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.