ശോഭയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ ബി‌ജെ‌പി നേതൃത്വത്തിന്‍റെ മുഖത്തേറ്റ അടി, ഹെലികോപ്‌ടര്‍ സം‌സ്‌കാരം ഹിതകരമല്ല: പി പി മുകുന്ദന്‍

അനിരാജ് എ കെ

വ്യാഴം, 18 മാര്‍ച്ച് 2021 (15:34 IST)
ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടം മണ്ഡലത്തില്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായി വന്നത് കേരളത്തിലെ ബി ജെ പി നേതൃത്വത്തിന്‍റെ മുഖത്തേറ്റ അടിയാണെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് പി പി മുകുന്ദന്‍. അപക്വമായ ശൈലിയാണ് കേരള നേതൃത്വത്തിനുള്ളതെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഹെലികോപ്‌ടര്‍ ഉപയോഗിക്കുന്നത് സാധാരണ പ്രവര്‍ത്തകര്‍ക്ക് ഹിതകരമായി തോന്നില്ലെന്നും പി പി മുകുന്ദന്‍ പറഞ്ഞു.
 
മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് പി പി മുകുന്ദന്‍റെ ഈ പ്രതികരണം.
 
വളര്‍ന്നുവരുന്ന പ്രവര്‍ത്തകരെ വേണ്ടരീതിയില്‍ കൊണ്ടുപോയില്ലെങ്കില്‍ സംഭവിക്കാവുന്ന ഒന്നാണ് ശോഭയുടെ കാര്യത്തില്‍ ഉണ്ടായത്. മത്‌സരിക്കാന്‍ തനിക്ക് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം വന്നു എന്നാണ് ശോഭ പറയുന്നത്. എങ്കില്‍ അത് ഇവിടെയുള്ള നേതൃത്വത്തിന്‍റെ മുഖത്തേറ്റ അടിയാണ് - പി പി മുകുന്ദന്‍ പറയുന്നു. 
 
ബി ജെ പി നേതാക്കള്‍ ലാളിത്യത്തോടെ പൊതുപ്രവര്‍ത്തനം നടത്തിയവരാണെന്നും സുരേന്ദ്രന്‍ പ്രചാരണത്തിന് ഹെലികോപ്‌ടര്‍ ഉപയോഗിക്കുന്നത് താഴത്തെ നിലയിലുള്ള പ്രവര്‍ത്തകരുടെ മനസില്‍ ഹിതകരമായി തോന്നില്ലെന്നും പി പി മുകുന്ദന്‍ വ്യക്‍തമാക്കുന്നു. 
 
ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍