തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിൽ നടത്താമെന്ന് സർക്കാർ വ്യക്തമാക്കി
ചൊവ്വ, 18 ഓഗസ്റ്റ് 2015 (12:36 IST)
പുതുക്കിയ വാർഡ് വിഭജനം അടിസ്ഥാനമാക്കിയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിൽ നടത്താമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നതിന് 86 ദിവസം മതിയെന്നും സർക്കാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടത്താൻ ആറു മാസം വേണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സർക്കാർ തള്ളുകയും ചെയ്‌തു.
തെരഞ്ഞെടുപ്പ് നടത്താന്‍ ആറു മാസം സമയം വേണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തെറ്റാണ്. 2010ൽ 978 വാർഡുകൾ വിഭജിച്ചത് 68 ദിവസം കൊണ്ടു മാത്രമാണ്. ഇത്തവണ 204 വാർഡുകളാണ് വിഭജിക്കുന്നത്. ഇതിന് 51 ദിവസം മതിയാവും. വാർഡ് വിഭജനം വേഗത്തിൽ തീർക്കുന്നതിന് അന്പത് ഉദ്യോഗസ്ഥരെ കൂടുതൽ നിയമിക്കാമെന്നും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
തദ്ദേശ വാർഡുകൾ വിഭജിച്ചത് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിൽ വാദം കേൾക്കുന്നതിനിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
തദ്ദേശ സ്വയംഭരണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗവർണറുടെ മുൻകൂർ അനുമതിയില്ലാതെ വില്ലേജുകൾ വെട്ടിമുറിച്ച് 69 പുതിയ പഞ്ചായത്തുകൾക്ക് രൂപം നൽകിയ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരേയാണ് സർക്കാർ അപ്പീൽ നൽകിയത്. സംസ്ഥാനത്തെ 85 വില്ലേജുകളാണ് സർക്കാർ വിഭജിച്ചത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ വില്ലേജുകൾ വിഭജിച്ചത്- 16. മുസ്ലിം ലീഗിന് അനുകൂലമായി മലപ്പുറത്തും സിപിഎമ്മിന്റെ മേൽക്കോയ്മ തകർക്കുന്ന തരത്തിൽ കണ്ണൂരിലും വിഭജനം നടത്തിയെന്ന നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.