സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള 726 എ ഐ ക്യാമറകളിലൂടെ ഗതാഗത നിയമലംഘനത്തിന് ഇന്ന് മുതല്‍ പിഴ ചുമത്തും. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷമാകും നോട്ടീസ് അയക്കുക. ഇത്തരത്തില്‍ ഒരു ദിവസം 30,000 നോട്ടീസുകള്‍ അയക്കാനാകും.
ഹെല്‍മെറ്റ്,സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര. ബൈക്കുകളില്‍ മൂന്ന് പേര്‍ അടങ്ങുന്ന യാത്ര, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് എഐ ക്യാമറകള്‍ കണ്ടെത്തുക. രാത്രിയാത്രയില്‍ പോലും കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയിരുന്നാല്‍ ഇത് കണ്ടെത്താന്‍ ക്യാമറകള്‍ക്കാകും. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റം അടുത്ത ക്യാമറയിലും പതിഞ്ഞാല്‍ വീണ്ടും പിഴ അടക്കേണ്ടി വരുമെന്ന് ആര്‍ടിഒ അറിയിക്കുന്നു.