“ദിവസങ്ങള്‍ക്കു ശേഷം വാട്സാപ്പിലൂടെ ഒരു സന്ദേശം അയച്ചു, ഇതിനെയാണോ പരാതിയെന്നു പറയുന്നത്” ? - ദിലീപിനെ പൊളിച്ചടുക്കി പൊലീസ്
ശനി, 12 ഓഗസ്റ്റ് 2017 (14:08 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ഉന്നയിച്ച ആക്ഷേപങ്ങൾ ഖണ്ഡിച്ച് പൊലീസ്.
കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ നിന്ന് ഫോണ്‍ വിളിച്ചതായി കാട്ടി സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് ദിലീപ് വാട്സാപ്പിലൂടെ നൽകിയ വിവരം പരാതിയായി കണക്കാക്കാനാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത് ഏപ്രിൽ 22നാണ്. സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണിൽ വിളിച്ചത് മാർച്ച് 28നും. ബ്ലാക്ക്‌മെയിലിംഗ് ശ്രമം ഉണ്ടായെങ്കില്‍ത്തന്നെ ദിവസങ്ങള്‍ക്കു ശേഷമാണ് ദിലീപ് വാട്സാപ്പിലൂടെ ഡിജിപിക്ക് പരാതി നല്‍കിയത്. ഇത് പ്രശ്‌നത്തിന് ദിലീപ് കല്‍പിച്ച ഗൗരവമില്ലായ്മയുടെ തെളിവാണെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു.
ഇക്കാലയളവിലെല്ലാം സുനിയുമായി ധാരണയിലെത്താൻ ദിലീപ് ശ്രമം നടത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ചര്‍ച്ചയില്‍ ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് പരാതി നൽകാൻ ദിലീപ് നിർബന്ധിതനായതെന്നും പൊലീസ് പറയുന്നു.
ദിലീപ് ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങളുടെയെല്ലാം മറുവാദങ്ങളടക്കം വിശദമായ സത്യവാങ്മൂലമാണ് പൊലീസ് തയ്യാറാക്കുന്നത്. വിശദമായ സത്യവാങ്മൂലം കോടതിയിൽ നൽകാനാണ് പൊലീസ് നീക്കം. അടുത്ത വെള്ളിയാഴ്ചയാണ് ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി പരിഗണിക്കുക.