നേരത്തെ നോട്ടീസ് നൽകിയതനുസരിച്ച് കഴിഞ്ഞ ദിവസം രാവിലെ 10മണിയോടെ പൊലീസ് ക്ലബ്ബിൽ നാദിർഷ ഹാജരായിരുന്നു. എന്നാൽ ശാരീരിക അവശതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യൽ മാറ്റി വയ്ക്കുകയായിരുന്നു. നാല് മണിക്ക് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്ന് താരം അറിയിച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യാമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
അതേസമയം, കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വിധി പറയും. ദിലീപിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്‌തു
ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ഇന്നും ശക്തമായി എതിർത്തു. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും നടിയുടെ നഗ്നചിത്രങ്ങൾ എടുക്കാൻ ക്വട്ടേഷൻ നൽകി എന്ന കുറ്റം മാത്രമല്ല ദിലീപ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതിനിടെ കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
കേസുമായി ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ജാമ്യാപേക്ഷയില്‍ കാവ്യ വ്യക്തമാക്കുന്നു. പൊലീസ് നിരവധി തവണ ഫോണില്‍ വിളിച്ചുവെന്നും കാവ്യ പറയുന്നു. കേസുമായി ബന്ധപ്പെട്ട് അന്വെഷണ സംഘവുമായി പൂര്‍ണമായും സഹകരിക്കാമെന്നും കാവ്യ അറിയിച്ചിട്ടുണ്ട്. അഡ്വ. രാമൻപിള്ള മുഖേനെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.