അഴിക്കുള്ളിലായിട്ട് രണ്ട് മാസം... ഇപ്പോഴും 'ജനപ്രിയന്‍' അതിശക്തന്‍; നാലാം ഭാഗ്യപരീക്ഷണത്തിന് ഇനി മൂന്ന് നാൾ മാത്രം !

ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (11:48 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജനപ്രിയ നായകന്‍ ദിലീപ് അഴിക്കുള്ളിലായിട്ട് ഇപ്പോള്‍ രണ്ട് മാസം തികഞ്ഞിരിക്കുന്നു. ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് അദ്ദേഹം അംഗമായിരുന്ന എല്ലാ സിനിമ സംഘടനകളുടേയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് പോലും നടനെ പുറത്താക്കി. എന്നാല്‍ മലയാള സിനിമ ദിലീപിന്റെ കൈപ്പിടിയില്‍ തന്നെയാണ് ഇപ്പോഴുമെന്ന് വ്യക്തമാക്കുന്ന നീക്കങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ടുവരുന്നത്. 
 
ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ് രംഗത്തെത്തുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. എങ്കിലും മൂന്ന് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി വെറുതേ തള്ളിയതാണോ എന്ന ചോദ്യം ഇപ്പോളും നിലനില്‍ക്കുന്നുണ്ട്. അതേസമയം ദിലീപ് ഉടന്‍ തന്നെ അടുത്ത ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നുമാണ് പൂറത്തുവരുന്ന സൂചന. 
 
ചരിത്രത്തില്‍ തന്നെ ആദ്യമായായിരിക്കും പ്രതികാരം തീര്‍ക്കാന്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കുന്ന സംഭവം എന്നായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. നടിയോടുള്ള കടുത്ത വിദ്വേഷമാണ് ഇത്തരം ഒരു ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. തുടര്‍ന്നായിരുന്നു യുവതാരങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപ് ട്രഷറര്‍ ആയിരുന്ന താര സംഘടനയായ 'അമ്മ'യില്‍ നിന്ന് പോലും അദ്ദേഹത്തെ പുറത്താക്കിയത്.
 
എന്നാല്‍ സംഘടനകളില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് അറസ്റ്റ് വാര്‍ത്ത സൃഷ്ടിച്ച സമ്മര്‍ദ്ദങ്ങളുടെ ഫലമായാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദിലീപിനെ ഇപ്പോഴും സിനിമയിലെ പ്രബലര്‍ക്ക് പോലും ഭയമാണെന്ന രീതിയിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. സിനിമ നടനും എംഎല്‍എയും ആയ കെബി ഗണേഷ് കുമാര്‍ ജയിലില്‍ ദിലീപിനെ കണ്ടതും അതിന് ശേഷം നടത്തിയ അദ്ദേഹത്തിന്റെ പ്രകടനവും സംശയം ജനിപ്പിക്കുന്നതാണ്. ഗണേഷിന്റെ സന്ദര്‍ശനത്തിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.
 
സെപ്തംബര്‍ 13 ന് ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയേക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഡ്വ രാമന്‍ പിള്ള വഴിയായിരിക്കും അടുത്ത ഹര്‍ജി സമര്‍പ്പിക്കുക. ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ ജാമ്യ അപേക്ഷയില്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരേയും അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യക്കെതിരേയും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇത്തവണ എന്ത് ന്യായമായിരിക്കും ദിലീപ് മുന്നോട്ട് വയ്ക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍