ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് ദിലീപ്; ഒരു സംഘടനയുടേയും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല

വ്യാഴം, 5 ഒക്‌ടോബര്‍ 2017 (13:26 IST)
നിലവില്‍ ഒരു സംഘടനയുടെയും തലപ്പത്തേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പ്പെട്ട് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്റായി കഴിഞ്ഞ ദിവസം ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഒരു സംഘടനയുടെയും തലപ്പത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറിയായ എം.സി.ബോബിക്ക് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു. 
 
ഫിയോക് സംഘടനയുടെ പ്രസിഡന്റ് സ്ഥാനം വീണ്ടും എനിക്കു നൽകാൻ സന്നദ്ധത കാണിച്ച സംഘടനയിലെ ഭാരവാഹികൾക്കും മറ്റ് അംഗങ്ങൾക്കുമുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ആദ്യം തന്നെ രേഖപ്പെടുത്തട്ടെ. പക്ഷേ, നിലവിലെ സാഹചര്യത്തിൽ തൽക്കാലം ഒരു സംഘടനയുടെയും പദവി ഏറ്റെടുക്കാൻ എനിക്ക് ആഗ്രഹമില്ല എന്ന കാര്യം ഇതിനാൽ സ്നേഹപൂർവം അറിയിക്കുന്നു. 
 
ആ സംഘടനയുടെ ഒരംഗം എന്ന നിലയിൽ എന്റെ എല്ലാവിധ ആശംസകളും പ്രാർഥനകളും ഒപ്പം പരിപൂർണ പിന്തുണയും എന്നുമുണ്ടാകുമെന്ന് അറിയിച്ചുകൊള്ളുന്നു എന്നായിരുന്നു ദിലീപ് എഴുതിയ കത്തില്‍ പറയുന്നത്. കേസില്‍ ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകം ചേര്‍ന്ന യോഗത്തിലാണ് ദിലീപിനെ ഫിയോകിന്റെ തലപ്പത്തേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇതാണ് ഇന്ന് അദ്ദേഹം നിരസിച്ചത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍