വെറുതെയൊന്നുമല്ല... എല്ലുമുറിയെ പണിയെടുത്തിട്ടാണ് ആലുവയിലെ ഗോപാലകൃഷ്ണന്‍ ദിലീപ് ആയത് !

തിങ്കള്‍, 31 ജൂലൈ 2017 (10:17 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ദിലീപിനെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. കേസിന്റെ തുടക്കത്തില്‍ തന്നെ ദിലീപാണ് ഇതിന് പിന്നിലെന്ന് മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിലീപ് അതിനെതിരെ പ്രതികരിക്കുകയും ചെയ്തു. തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ബാധിക്കുക വലിയൊരു വിഭാഗത്തെ കൂടിയാണ് എന്ന് ദിലീപ് പറഞ്ഞത് അടുത്തിടെയായിരുന്നു.
 
എന്നാല്‍ കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ദിലീപ് അറസ്റ്റിലായി. ഗോഡ് ഫാദര്‍മാര്‍ ആരും ഇല്ലാതെ, മലയാള സിനിമയിലേക്ക് കയറിവന്ന ഒരു മെലിഞ്ഞ ചെറുപ്പക്കാരനെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാനാവില്ല. ആലുവാക്കാരന്‍ ഗോപാലകൃഷ്ണന്‍ എന്ന ആ ചെറുപ്പക്കാരന്‍.
 
1968 ഒക്ടോബര്‍ 27ന് ആലുവ സ്വദേശിയായ പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റേയും മൂത്ത മകനായാണ് ദിലീപിന്റെ ജനനം. അന്ന്  പേര് ദിലീപ് എന്നായിരുന്നില്ല. ഗോപാലകൃഷ്ണന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. പഠനകാലത്തും അതിന് ശേഷവും അങ്ങനെ തന്നെ. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് ഗോപാലകൃഷ്ണന്‍ ദിലീപ് ആയി മാറിയത്.
 
ആലുവ വിവിബിഎച്ച്എസ്സിലും ആലുവ യുസി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും ആയിട്ടായിരുന്നു ദിലീപിന്റെ പഠനം. എക്കണോമിക്‌സില്‍ ബിരുദധാരിയാണ്. പഠന കാലത്ത് തന്നെ മിമിക്രിയില്‍ കഴിവ് തെളിയിച്ച ആളായിരുന്നു ദിലീപ്. അക്കാലത്ത് നാദിര്‍ഷ ആയിരുന്നു തന്റെ ആരാധനാപാത്രം എന്ന് ദിലീപ് തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.
 
ദിലീപ് ആദ്യമായി സ്‌ക്രീനില്‍ എത്തുന്നത് ഏഷ്യാനെറ്റിലൂടെ ആയിരുന്നു. അന്നുള്ള ഏക സ്വകാര്യ ചാനല്‍. കോമിക്കോള എന്ന പരിപാടി ദിലീപിനെ കൂടുതല്‍ ജനകീയനാക്കി.സിനിമയില്‍ അഭിനയിക്കുക എന്നത് അന്നേ ദിലീപിന്റെ സ്വപ്‌നമായിരുന്നു. എന്നാല്‍ അഭിനയിക്കാന്‍ എത്തിയ ദിലീപിന് കിട്ടിയത് നടന്റെ റോള്‍ ആയിരുന്നില്ല എന്ന് മാത്രം. 
 
അന്നത്തെ ഹിറ്റ് മേക്കര്‍ സംവിധായകനായിരുന്നു കമല്‍. അഭിനയിക്കാനെത്തിയ ദിലീപ് ഒടുവില്‍ കമലിന്റെ സംവിധായന സഹായി ആയി. ലാല്‍ ജോസും അന്ന് കമലിന്റെ സംവിധാന സഹായി ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം. സംവിധാന സഹായി ആയി തുടരുമ്പോഴും സിനിമയില്‍ കിട്ടിയ കൊച്ചുകൊച്ചുവേഷങ്ങള്‍ ദിലീപ് കൈവിട്ടില്ല. 

വെബ്ദുനിയ വായിക്കുക