ഫയര്‍ഫോഴ്‌സ്; ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍ പിന്‍വലിച്ചു

ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (10:34 IST)
ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെ ഡിജിപി ജേക്കബ് തോമസ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. പകരം പുതിയ സര്‍ക്കുലര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വാടകക്ക് നല്‍കാം.  

പുതിയ സര്‍ക്കുലര്‍ പ്രകാരം അത്യാവശ്യ ഘട്ടങ്ങളില്‍ പൊലീസ് ആവശ്യപ്പെട്ടാല്‍ ഫയര്‍ഫോഴ്‌സ് എത്തണമെന്ന് വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ ആവശ്യത്തിനു ഫീസ് ഈടാക്കി പ്രവര്‍ത്തിക്കാമെന്നും കന്നുകാലികൾ കിണറ്റിൽ വീണാലും മരംവീണു ഗതാഗതം തടസ്സപ്പെട്ടാലും ഫയർഫോഴ്സ് എത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

അടൂര്‍ എന്‍ജിനിയറിങ് കോളജിന് ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വാടകക്ക് നല്‍കിയത് വിവാദമായിരുന്നു. അതിനെത്തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വാടകക്ക് നല്‍കരുതെന്ന് ജേക്കബ് തോമസ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന് അല്ലാതെ ഫയര്‍ഫോഴ്‌സ് സംവിധാനം വിട്ടു നല്‍കരുത്, സിനിമ ഷൂട്ടിംഗിന് നല്‍കേണ്ട, ആഘോഷങ്ങള്‍ക്കോ ചടങ്ങുകള്‍ക്കോ പൊടിപറക്കാതിരിക്കാന്‍ ഫയര്‍‌ഫോഴ്‌സിനെ കൊണ്ട് വെള്ളം നനയ്‌ക്കുന്ന രീതിയും അവസാനിപ്പിച്ചുവെന്നും ജേക്കബ് തോമസിന്റെ സര്‍ക്കുലറില്‍ ഉണ്ടായിരുന്നു.

ഈ സര്‍ക്കുലര്‍ നടപ്പാക്കിയാല്‍ നഗരങ്ങളില്‍ ഗുരുതരമായ താമസപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി മന്ത്രിസഭായോഗത്തില്‍ ചൂണ്ടിക്കാട്ടി. മുസ്ലിംലീഗിലെ മറ്റ് മന്ത്രിമാരും അലിക്ക് തുണയുമായി എത്തിയതോടെ ജേക്കബ് തോമസിനെ തത്സ്ഥാനത്ത് നിന്ന് തെറിപ്പിക്കുകയായിരുന്നു. കൂടാതെ കെട്ടിട നിര്‍മാണത്തില്‍ അഗ്‌നിശമന സേന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിലപാടും ദുരന്തനിവാര പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്‌നിശമന സേനാംഗങ്ങളെ ഉപയോഗിക്കാനാവില്ലെന്ന ചട്ടവും മന്ത്രിമാരുടെ എതിര്‍പ്പിനിടയാക്കി.

വെബ്ദുനിയ വായിക്കുക