ഡി സിനിമാസിന്റെ കൈവശാവകാശ രേഖ കാണാനില്ല ; സംഭവത്തില്‍ ദുരൂഹത?

ബുധന്‍, 19 ജൂലൈ 2017 (15:24 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിന്റെ പണമിടപാട്, ഭൂമി ഇടപാട് തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങളെ പറ്റി പൊലീസ് അന്വേഷണം നടത്തി വരികയാണ്. അതിനിടയിലാണ് നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ കൈവശാവകാശ രേഖ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. 
 
അതുമാത്രമല്ല, കെട്ടിടത്തിന്റെ സ്കെച്ചും ചാലക്കുടി നഗരസഭയുടെ ഫയലില്‍ ഇല്ല. ഈ രണ്ടു രേഖകള്‍ ഇല്ലാതെ കെട്ടിട നിർമാണത്തിന് പെര്‍മിറ്റ് നല്‍കിയത് ദുരൂഹമാണ്. രേഖകള്‍ കാണാതായത് വിജിലന്‍സിനെ അറിയിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. 
 
അതേസമയം ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇത് സംബന്ധിച്ച് തൃശൂർ ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാല്‍ കെട്ടിടത്തെ സംബന്ധിച്ചുള്ള രേഖകള്‍ കാണാതായതോടെ സംഭവത്തില്‍ ദുരൂഹത നിറയുന്നു.
 
ചാലക്കുടിയിലെ കയ്യേറ്റഭൂമിയിലാണ് ദിലീപ് ഡി സിനിമാസ് തിയറ്റർ നിർമിച്ചതെന്നു തൃശൂർ കലക്ടറുടെ റിപ്പോർട്ടിൽ സൂചനയുള്ള സാഹചര്യത്തിൽ മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവകാശ രേഖകൾ സംബന്ധിച്ചു റവന്യു വകുപ്പ് ഉന്നതല അന്വേഷണം നടത്തും.

വെബ്ദുനിയ വായിക്കുക