കുസാറ്റ് ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സര്‍വകലാശാലയുടെ സിണ്ടിക്കേറ്റ് സബ് കമ്മിറ്റിയുടെ അന്വേഷണം വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരില്‍ മൂന്ന് പേര്‍ കുസാറ്റ് വിദ്യാര്‍ഥികളും ഒരാള്‍ പുറത്തുനിന്നുള്ള ആളുമാണ്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സര്‍വകലാശാലയില്‍ നവംബര്‍ 24, 25,26 തിയതികളില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ ടെക്‌നിക്കല്‍ ഫെസ്റ്റില്‍ എക്‌സിബിഷന്‍, ടെക്‌നിക്കല്‍ ടോക്‌സ്, എക്‌സ്പേര്‍ട്ട് ലക്‌ചേഴ്‌സ് എന്നിവയാണ് നടന്നത്. സമീപ കോളേജുകളിലെ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നതാണ് പരിപാടി.
ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നല്‍കുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിപാടി കാണാന്‍ പുറത്തുമുണ്ടായി. പരിപാടി ആരംഭിക്കാറായപ്പോള്‍ എല്ലാവരും അകത്തേക്ക് കയറുവാന്‍ ശ്രമിച്ചതാണ് ദുരന്ത കാരണമായത്. മഴ ആരംഭിച്ചതോടെ അകത്തേക്കുണ്ടായ തള്ളിക്കയറ്റത്തില്‍ പടിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ വീണതിനു മീതെ മറ്റുള്ളവരും വീഴുന്ന ദുരവസ്ഥയുണ്ടായി. ഈ വീഴ്ചയിലാണ് ദുരന്തം സംഭവിച്ചത്.