വാക്കുതർക്കത്തിനിടെ ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ടു; യുവാവ് കാറിടിച്ച് മരിച്ചു

ചൊവ്വ, 6 നവം‌ബര്‍ 2018 (11:34 IST)
തിരുവനന്തപുരം: പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ട യുവാവ് മരിച്ചു. തിങ്കളാഴ്ച രാത്രി 11മണിയോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ നെയ്യാറ്റിൻ‌കര ഡി വൈ എസ് പി ഹരികുമാറിനെതിരെ  കൊലക്കുറ്റത്തിന് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ഹരികുമാറിനെ ഔദ്യോഗിക ചുമതലകളിൽ നിന്നും മാറ്റി.
 
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിക്കാണ് കേസിന്റെ അന്വേഷന ചുമതല. ഡി വൈ എസ് പി ഹരികുമാര്‍ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. സമീപത്തെ ഒരു വീടിന് മുന്നില്‍ മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധം കാര്‍ പാര്‍ക്ക് ചെയ്‌ത ശേഷമാണ് ഡിവൈ.എസ്.പി പോയത്. കുറച്ച്‌ കഴിഞ്ഞ് തിരിച്ചെത്തിയ ഡി വൈ എസ് പിയും സമീപവാസിയായ സനലും തമ്മില്‍ ഇത് സംബന്ധിച്ച്‌ വാക്ക് തര്‍ക്കമുണ്ടായി.
 
തർക്കത്തിനിടെ സനലിനെ ഡി വൈ എസ്  പി റോഡിലേക്ക് പിടിച്ചുതള്ളി. ഇതോടെ റോടിലൂടെ പോകുന്ന കാർ സനലിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സനലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈസമയം  ഡി വൈ എസ് പി സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. സനലിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ഡി വൈ എസ് പി തയ്യാറായില്ല എന്ന് ആരോപിച്ച് നാട്ടുകാർ ഇന്നലെ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സംഭവത്തിൽ ഇന്ന് ബി ജെ പി നെയ്യാറ്റിൻ‌കരയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍