സിപിഎമ്മിലെ ഒരു വിഭാഗം ചതിച്ചു; പൂഞ്ഞാറില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിക്കുമെന്ന് പി സി ജോര്‍ജ്

തിങ്കള്‍, 28 മാര്‍ച്ച് 2016 (17:18 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടതുപാളയത്തില്‍ നിന്ന് തനിക്ക് ചതി നേരിടേണ്ടി വന്നുവെന്ന് പി സി ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന് സീറ്റ് നിഷേധിച്ചതായി എല്‍ ഡി എഫ് നേതൃത്വം അറിയിച്ചതിനു തൊട്ടുപിന്നാലെ ആയിരുന്നു പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞത്. സി പി എം മുഴുവനായി തന്നെ ചതിച്ചിട്ടില്ലെന്നും സി പി എമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചെന്നും അദ്ദേഹം പറഞ്ഞു.
 
പൂഞ്ഞാറില്‍ താന്‍ തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് സി പി എമ്മിന്റെയും സി പി ഐയുടെയും ലോക്കല്‍, ബ്രാഞ്ച്, ഏരിയ കമ്മിറ്റി നേതാക്കന്മാരും അംഗങ്ങളും സി പി എം നേതാവ് വി എന്‍ വാസവനും പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തനിക്ക് ഇനി മാറാന്‍ പറ്റില്ല. പൂഞ്ഞാറില്‍ താന്‍ തന്നെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
 
സി പി എമ്മിലെ ഏതോ ഒരു വിഭാഗം എന്നെ ചതിച്ചു. ചൊവ്വാഴ്ച പത്രക്കാരെ കണ്ടു കഴിഞ്ഞാല്‍ പ്രചരണ പരിപാടിയുമായി ഇറങ്ങും. 365 ദിവസവും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. അതുകൊണ്ടു തന്നെ പ്രചരണത്തിന്റെ ആവശ്യമില്ലെന്നും എല്ലാ കാര്യങ്ങളും ചൊവ്വാഴ്ച മാധ്യമങ്ങളോട് പറയാമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക