പാനൂര്‍ ബോംബ് സ്ഫോടനം; രണ്ട് സിപി‌എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബുധന്‍, 17 ജൂണ്‍ 2015 (13:51 IST)
പാനൂരിനടുത്ത് ഈസ്റ്റ് ചെറ്റക്കണ്ടി കാക്രോട്ട് കുന്നിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രാദേശിക നേതാക്കന്മാരെ അറസ്റ്റുചെയ്തു. വിളക്കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ബിജിത്ത് ലാല്‍, ചേക്കാട് ബ്രാഞ്ച് സെക്രട്ടറി വിഎം ചന്ദ്രന്‍ എന്നിവരെയാണ് പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. അനില്‍ അറസ്റ്റുചെയ്തത്.

ബോംബ് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കി, നിര്‍മ്മാണത്തിന് ആവശ്യമായ സഹായം നല്‍കി എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. സംഭവവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ അവകാശവാദമാണ് ഇതോടെ അസ്ഥാനത്തായത്. സിപിഎമ്മിന്റെ ജില്ലാ നേതൃത്വവും ഇതേ നിലപാട് തന്നെയായിരുന്നു ആവര്‍ത്തിച്ചിരുന്നത്.

കക്രോത്ത് കുന്നിലെ ഒരു ഒഴിഞ്ഞ പറമ്പിലായിരുന്നു കഴിഞ്ഞ ജൂണ്‍ ആറിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്‌ഫോടനം ഉണ്ടായത്. ബോംബ് നിര്‍മാണത്തിനുള്ള സാധനങ്ങള്‍ ഇവിടേക്ക് എത്തിച്ചു നല്‍കിയത് വിജിത് ലാലും ചന്ദ്രനുമാണെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുന്‍പ് വരെ ഇരുവരും സ്ഥലത്തുണ്ടായിരുന്നു. സി.പി.എം പ്രവര്‍ത്തകരായ തെക്കുംമുറി കിളമ്പില്‍ ഷൈജു (35), വടക്കേക്കാരന്‍ സുബീഷ് (25) എന്നിവര്‍ സംഭവത്തില്‍ കൊല്ലപ്പെടുകയും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക