എട്ടിന്റെ പണി ഏറ്റുവാങ്ങി മുഖ്യമന്ത്രി; കാനത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്
വ്യാഴം, 13 ഏപ്രില്‍ 2017 (20:04 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രസ്‌താവനയ്‌ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
മുഖ്യമന്ത്രിയുടെ ഭാഷ മുതലാളിമാരുടെ ഭാഷയാണെന്നും ചെന്നിത്തല പറഞ്ഞു.
കാനത്തിന്റെ നിലപാടിന് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കുന്നതിനുള്ള രാഷ്‌ട്രീയ നീക്കമാണ്. സിപിഎമ്മിനെതിരെ സിപിഐയെ ഇളക്കി വിടുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.
അതേസമയം, കാനത്തിന്റെ വാക്കുകള്‍ക്കെതിരെ സിപിഎം നേതാവ് ഇപി ജയരാജന്‍ എംഎല്‍എ രംഗത്തെത്തി.
കാനത്തെ ഉപദേശിക്കാൻ മുഖ്യമന്ത്രി യോഗ്യനാണെന്നു അദ്ദേഹം ഇപ്പോഴെങ്കിലും പറഞ്ഞതിൽ സന്തോഷമുണ്ട്. അന്നും ഇന്നും സിപിഎമ്മിന് എല്ലാക്കാര്യങ്ങളിലും ഒരേ നിലപാടാണ്. വർഗീസ് കേസ്, രാജൻ കേസ് സമയങ്ങളിൽ സിപിഐയുടെ നിലപാട് എന്തായിരുന്നു എന്ന് ഓർക്കണമെന്നും ജയരാജന്‍ പറഞ്ഞു.
സിപിഐ മന്ത്രിമാരുടെ പ്രവർത്തന ശൈലിയെ കുറിച്ചു സിപിഎം പരസ്യ പ്രസ്താവനയ്ക്കിറങ്ങിയാൽ എങ്ങനെയിരിക്കുമെന്നു സിപിഐ ഓർമിക്കുന്നതു നല്ലതാണെന്നും കണ്ണൂർ പാപ്പിനിശേരിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.