അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതു മുന്നണി നടത്തുന്ന കണ്‍വന്‍ഷനില്‍നിന്നു പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ പേരില്ല. വിഎസിന് പകരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക. വിഎസിന്റെ പേര് ഒഴിവാക്കി ഇടതു മുന്നണി ജില്ലാ കമ്മിറ്റി കണ്‍വന്‍ഷന്റെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ബുധനാഴ്ചയാണു കണ്‍വന്‍ഷന്റെ ഉദ്ഘാടനം നടക്കുക.
ബുധനാഴ്ച ആര്യനാട്ട് വി.കെ. ഓഡിറ്റോറിയത്തിൽ നടക്കുന്ന എൽഡിഎഫിന്റെ മണ്ഡലം കൺവെൻഷൻ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പിബി അംഗം പിണറായി വിജയന്റെ പേരും നോട്ടീസിലില്ല. രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് കണ്‍വെന്‍ഷന്റെ കാര്യപരിപാടി തീരുമാനിച്ചത്.
എൽഡിഎഫ് സംസ്ഥാന നേതാക്കളായ കാനം രാജേന്ദ്രൻ, സി ദിവാകരൻ, മാത്യു ടി. തോമസ്, നീലലോഹിതദാസൻ നാടാർ, ഉഴവൂർ വിജയൻ, സ്കറിയ തോമസ്, വി സുരേന്ദ്രൻ പിള്ള, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ യോഗത്തിനെത്തി സംസാരിക്കും.
അരുവിക്കരയിൽ വിഎസ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിന് എത്തുമെന്നാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനർഥിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം. വിജയകുമാർ നേരത്തേ പറഞ്ഞിരുന്നത്. അരുവിക്കരിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ സിപിഎം സ്ഥാനാര്‍ഥി എം വിജയകുമാര്‍ തന്നെ വിഎസ് പ്രചാരണം നയിക്കുമെന്നും വിഭാഗീയതയുടെ ഒരു ശേഷിപ്പും ഉണ്ടാകില്ലെന്ന് രാവിലെ അഭിപ്രായപ്പെട്ടിരുന്നു.