നീണ്ട ചര്‍ച്ചകളും തര്‍ക്കങ്ങളുമില്ല; അരമണിക്കൂറിനുള്ളില്‍ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്ത് എല്‍ഡിഎഫ്; സി പി ഐക്ക് അധിക വകുപ്പുകളില്ല

ബുധന്‍, 25 മെയ് 2016 (12:34 IST)
നീണ്ട ചര്‍ച്ചകളും തര്‍ക്കങ്ങളുമില്ലാതെ അരമണിക്കൂറിനുള്ളില്‍ വകുപ്പുവിഭജനത്തില്‍ തീരുമാനം ഉണ്ടാക്കി എല്‍ ഡി എഫ്. അരമണിക്കൂര്‍ മാത്രം നീണ്ടുനിന്ന ഘടകക്ഷിമന്ത്രിമാരുടെ വകുപ്പുകളില്‍ എല്‍ ഡി എഫ് ധാരണയിലെത്തി. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ ആയിരിക്കും മുഖ്യഘടകകക്ഷിയായ സി പി ഐക്ക് ലഭിക്കുക.
 
ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍, വി എസ് സുനില്‍ കുമാര്‍, കെ രാജു എന്നിവര്‍ ആണ് സി പി ഐയില്‍ നിന്ന് മന്ത്രിമാര്‍ ആകുന്നത്. കഴിഞ്ഞ നിയമസഭയില്‍ കൃഷി, റവന്യൂ, വനം ഭവനനിര്‍മ്മാണം, ഭക്‌ഷ്യ സിവില്‍ സപ്ലൈസ് മൃഗസംരക്ഷണം എന്നീ വകുപ്പുകള്‍ ആയിരുന്നു കഴിഞ്ഞ ഇടതുമുന്നണി മന്ത്രിസഭയില്‍ സി പി ഐ കൈകാര്യം ചെയ്തിരുന്നത്.
 
ഇത്തവണ അധികമായി ജലസേചനം, പൊതുമരാമത്ത് വകുപ്പുകള്‍ കൂടി സി പി ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അധികവകുപ്പുകള്‍ സി പി ഐക്ക് നല്‌കേണ്ടതില്ലെന്ന് ആയിരുന്നു തീരുമാനം. ഘടകക്ഷികളുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തില്‍ ഒരു മന്ത്രിസ്ഥാനത്തിനു കൂടി വേണ്ടി സി പി ഐ അവകാശവാദം ഉന്നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത് ഉണ്ടായില്ല.

വെബ്ദുനിയ വായിക്കുക