തിരുവനന്തപുരം: വയനാട്ടിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന കൗൺസിൽ പ്രമേയം. ഏറ്റുമുട്ടൽ പരിപടിയുടെ പേരിൽ ആളുകളെ കൊന്നുതള്ളുന്ന രീതിയെ അംഗീകരിയ്ക്കാനാകില്ലെന്നും കേരളം പോലൊരു സംസ്ഥാനത്ത് തണ്ടർബോൾട്ട് സേനയുടെ ആവശ്യമില്ലെന്നും സിപിഐ പ്രമേയത്തിൽ വ്യക്തമാക്കുന്നു
നക്സലേറ്റുകൾക്ക് കേരളത്തിൽ വേരോട്ടമുണ്ടാകാതെ പോയത് വെടിവെപ്പുകൾ നടത്തിയതുകൊണ്ടോ കൊന്നൊടുക്കിയതുകൊണ്ടോ അല്ല. കേരളത്തിന്റെ പൊതുസമൂഹത്തിന്റെ പിന്തുണ അവർക്ക് ലഭിച്ചില്ല എന്നതാണ് കാരണം. ജനജിവിതത്തെ മുൾമുനയിൽ നിർത്തുന്ന മവോയിസ്റ്റ് ഭീഷണി കേരളത്തിലില്ലെന്ന് എല്ലാവർക്കുമറിയാം. തണ്ടർബോൾട്ടിന്റെ ആവശ്യഗതയേ ഇല്ലാത്ത നമ്മുടെ കാടുകളിൽ അത്തരമൊരു സേന കൊലപാതക്ക പരമ്പരകൾ നടത്തുന്നത് അംഗീകരിയ്ക്കാൻ കഴിയുന്നതല്ല.
കൊന്നൊടുക്കാനായി തണ്ടർബോൾട്ട് എന്ന സേനയെ വിന്യസിയ്കുന്നത് അങ്ങേയറ്റത്തെ അനീതിയും മനുഷ്യാവകാശ ലംഘനവുമാണ്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരമായി നടത്തേണ്ട മജിസ്റ്റീരിയൽ അന്വേഷണം ശരിയായി നടക്കുന്നതായി തോന്നുന്നില്ല. മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരാത്തത് ശരിയല്ല. വയനാട്ടിലെ കൊലപാതകം സംബന്ധിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്തി നമയബന്ധിതമയി നടപടികൽ പൂർത്തിയാക്കണം എന്ന് പ്രമേയത്തിലൂടെ സിപിഐ ആവശ്യപ്പെട്ടു.