തലയിൽ തേക്കാൻ നീലി വാങ്ങാൻ ഇറങ്ങിയതാ, ആരെങ്കിലും ഇറങ്ങി നടക്കുന്നുണ്ടോ എന്ന് നോക്കാൻ വന്നതാ; ലോക്ക് ഡൗണായ സിറ്റി കാണാൻ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നാട്ടുകാർ

അനു മുരളി

വ്യാഴം, 26 മാര്‍ച്ച് 2020 (15:38 IST)
നാടെങ്ങും അടച്ച് പൂട്ടി കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ വീടിനുള്ളിൽ തന്നെ അടച്ച് പൂട്ടിയിരിക്കുകയാണ്  ജനങ്ങൾ. ഇതിനിടയിലും ആൾത്തിരക്കില്ലാത്ത നഗരം കാണാൻ ഇറങ്ങിത്തിരിച്ചവർ നിരവധി. സർക്കാരിന്റെ നിർദേശം ലംഘിച്ച് ആരെങ്കിലും റോഡിൽ ഉണ്ടോ എന്ന് നിരീക്ഷിക്കാൻ ഇറങ്ങിയവരും ചുരുക്കമല്ല. ഏതായാലും ഈ ലോക്ക് ഡൗൺ സമയത്തും നാടുകാണാനിറങ്ങിയവരുടെ മുടന്തൻ ന്യായങ്ങൾ കേട്ടാൽ ആർക്കാണെങ്കിലും ചിരി വരും.
 
സർക്കാർ നിർദേശം പാലിക്കാതെ പുറത്തിറങ്ങി പൊലീസിനു മുന്നിൽ പെട്ടവരുടെ ന്യായീകരണങ്ങൾ കേട്ടാൽ ചിരി ഉണർത്തുന്നത് ആണെങ്കിലും ഇതുമൂലം ബുദ്ധിമുട്ടുന്നത് പൊലീസുകാർ തന്നെയാകും. കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിൽ രാവിലെ മുതൽ നടത്തിയ പൊലീസ് പരിശോധനയിൽ നിരവധി പേരാണ് കുടുങ്ങിയത്.
 
തലയിൽ തേയ്ക്കുന്ന നീലി എണ്ണ വാങ്ങാനിറങ്ങിയ അപ്പൂപ്പനെ സ്കൂട്ടറിൽ തന്നെ പൊലീസുകാർ തിരിച്ചയച്ചു. കിലോമീറ്റർ ദൂരത്ത് നിന്നും സവോള വാങ്ങാൻ സ്കൂട്ടറിൽ എത്തിയ സഹോദരിമാരേയും പൊലീസ് തിരിച്ചയച്ചു. അത്യാവശ്യത്തിനു വിരട്ടിയും ഉപദേശിച്ചുമൊക്കെയാണ് തിരിച്ചയക്കൽ.
 
അത്യാവശ്യത്തിന് പച്ചക്കറി വാങ്ങാൻ കാറിൽ വീട്ടിലുള്ള കുട്ടികളെയുമെല്ലാം കയറ്റി വന്നവരെ കണക്കിനു ഉപദേശിച്ച് വിട്ടു. ഒരു കിലോ തക്കാളി വാങ്ങാൻ 10 കിലോമീറ്റർ താണ്ടി വീട്ടിലുള്ളവരെ എല്ലാവരേയും കൂട്ടി ഇറങ്ങിയ യുവാവിനും കണക്കിനു കിട്ടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍