കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിപട്ടികയായി; മൂന്നു മണ്ഡലങ്ങള്‍ ഒഴിച്ചിട്ടു

ചൊവ്വ, 5 ഏപ്രില്‍ 2016 (08:47 IST)
ഡല്‍ഹിയില്‍ വെച്ചു നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ഒടുവില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ധാരണയായി. മൂന്നു മണ്ഡലങ്ങള്‍ ഒഴിച്ചിട്ടു കൊണ്ടുള്ള പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കുക. അതേസമയം, തര്‍ക്കം നിലനിന്ന നാല് മണ്ഡലങ്ങളില്‍ സിറ്റിങ് എം എല്‍ എമാര്‍ തന്നെ മത്സരിക്കും.
 
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതിയോടെ 83 സ്ഥാനാര്‍ഥികളുടെ പട്ടികയാണ്  എ ഐ സി സി തിങ്കളാഴ്ച രാത്രി പുറത്തിറക്കിയത്. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങള്‍ ഒഴിച്ചിട്ടു.
 
തൃക്കാക്കരയില്‍ ബെന്നി ബഹനാന്റെ പിന്മാറ്റത്തിനു ശേഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ബെന്നിക്ക് പകരം മുന്‍ എം പി പി ടി തോമസ് ആയിരിക്കും ഇവിടെ സ്ഥാനാര്‍ത്ഥിയാകുക. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പി ടി തോമസിന് സീറ്റ് നിഷേധിച്ചിരുന്നു.
 
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് ഒഴിവാക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ലിസ്റ്റ് പുറത്തുവരും മുമ്പ് ബെന്നി ബഹനാന്‍ സ്വയം പിന്മാറി. അഞ്ചു തര്‍ക്ക സീറ്റുകളില്‍ നാലിടത്തും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ താല്‍പര്യം നടപ്പായപ്പോള്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ നിലപാടിനുള്ള അംഗീകാരമാണ് ബെന്നി ബഹനാന്റെ സീറ്റുനഷ്‌ടം.

വെബ്ദുനിയ വായിക്കുക