ജനപിന്തുണ കലക്ടര്‍ക്ക്, ജില്ലാ കലക്ടര്‍ക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ്
വ്യാഴം, 9 ജൂലൈ 2015 (17:00 IST)
കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.സി അബു രംഗത്ത്. കലക്ടര്‍ സി.പി.എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും ഫേസ്ബുക്കിലും വാട്ട്സ്അപ്പിലും അക്കൗണ്ട് തുറന്ന് ഷൈന്‍ ചയ്യുന്ന കലക്ടറിനെ വച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റില്ലെന്നും കെ സി അബു യോഗത്തില്‍ പറഞ്ഞു.
ഇതു തന്റെ മാത്രം അഭിപ്രായം അല്ളെന്നും എം.കെ രാഘവന്‍ എം.പിയോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം യോഗത്തില്‍ തുറന്നടിച്ചു. യോഗത്തില്‍ ഇക്കാര്യം പറയാന്‍ രാഘവന്‍ തന്നെ പ്രത്യേകം ഏല്‍പിച്ചിട്ടുണ്ടെന്നും അബു വെളിപ്പെടുത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചാലോചിക്കാന്‍ ചേര്‍ന്നതായിരുന്നു കെ.പി. സി.സി എക്സിക്യൂട്ടീവ് യോഗം. എംകെ രാഘവന്‍ എം.പി പങ്കെടുത്തിരുന്നില്ല.
മുമ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ആളല്ളേ കലക്ടര്‍ എന്ന് കെപിസിസി അംഗങ്ങളില്‍ നിന്ന് ചോദ്യം വന്നപ്പോഴാണ് ഇതു തന്റെ മാത്രം അഭിപ്രായമല്ളെന്നു അബു പറഞ്ഞത്. ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നപ്പോള്‍ പരാതികള്‍ ഇല്ലായിരുന്നെന്നും ഓഫീസ് ഭരണം മെച്ചപ്പെട്ടിരുന്നുവെന്നും കമന്‍റുകള്‍ ഉയര്‍ന്നു. കലക്ടര്‍ക്ക് തങ്ങളേക്കാള്‍ കൂടുതല്‍ ജനപിന്തുണ ലഭിക്കുന്നതാണ് നേതാക്കളെ ചൊടിപ്പിച്ചതെന്നാണ് വിവരം.