കുപ്രചരണങ്ങളുടെ 'ചെകിടത്തടിച്ച്' മലയാളികള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എട്ട് കോടി കടന്നു

രേണുക വേണു

ശനി, 3 ഓഗസ്റ്റ് 2024 (15:59 IST)
കുപ്രചരണങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിശ്വാസത്തിലെടുത്ത് മലയാളികള്‍. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കരുതെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും വയനാടിനായി മലയാളികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ജൂലൈ 30 മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8.64 കോടി രൂപയാണ് സംഭാവനായായി എത്തിയത്. 
 
ഇന്നലെ മാത്രം മൂന്ന് കോടി രൂപയിലേറെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ചു. ഇന്ന് ഉച്ചയ്ക്കു മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 1.47 കോടി കളക്ട് ചെയ്തിട്ടുണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാല്‍ ആവുന്ന വിധം സംഭാവനകള്‍ നല്‍കുന്നത് തുടരുകയാണ്. 
 
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവനകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തല, വി.എം.സുധീരന്‍, എം.എം.ഹസന്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍