പിണറായിയുടെ പൊലീസ് ഇതല്ല, ഇതിന്റെ അപ്പുറവും ചെയ്യും; ജയിലില്‍ സംഘപരിവാറിന്റെ ഗോപൂജയും ഗോമാതാവിന് ജയ് വിളിയും - അന്വേണത്തിന് ഉത്തരവ്

തിങ്കള്‍, 6 ഫെബ്രുവരി 2017 (16:54 IST)
ചീമേനി തുറന്ന ജയിലില്‍ പശുക്കള്‍ക്കായി സംഘപരിവാറിന്റെ ഗോപൂജയ്‌ക്ക് കൂട്ടു നിന്നത് ജയില്‍ സൂപ്രണ്ടെന്ന് റിപ്പോര്‍ട്ട്. ജയിൽ സുപ്രണ്ട് എജി സുരേഷ്, ജോയിന്റ് സുപ്രണ്ട് കെവി ജഗദീഷൻ എന്നിവരുടെ സാന്നിധ്യത്തിലായരുന്നു ചടങ്ങുകൾ. സംഭവം വിവാദമായതോടെ ഡിഐജി അന്വേണത്തിന്  ഉത്തരവിട്ടു. ഉത്തരമേഖലാ ജയില്‍ ഡിഐജി ശിവവദാസ് തൈപ്പറമ്പിലിനാണ് അന്വേഷണ ചുമതല.

കർണാടക ഹൊസനര മഠാധിപതി രമചന്ദ്രപുരയുടെ നേതൃത്വത്തില്‍ നടന്ന പൂജയില്‍ രാഷ്ട്രീയ തടവുകാരായ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ചുക്കാന്‍ പിടിച്ചത്. ജയിലില്‍ ജൈവകൃഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ണാടകയിലെ ആശ്രമ അധികൃതരാണ് 20 കുള്ളന്‍ പശുക്കളെ കൈമാറിയത്. പശുക്കളെ കൈമാറിയ സമയത്തായിരുന്നു പൂജ.  

കാര്‍മികരുടെകൂടെ പുറത്തുനിന്നുള്ള 25ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരും ജയിലിലെത്തി ഗോപൂജയില്‍ പങ്കെടുത്തിരുന്നു.
പശുക്കളെ കൈമാറുന്ന ചടങ്ങില്‍ സ്വാമിക്കൊപ്പം ഉണ്ടായിരുന്ന അനുയായികളും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുമാണ് ഗോമാതാവിന് ജയ് വിളിച്ചത്.

ഹൊസനര മഠത്തില്‍ നിന്ന് കൊണ്ടുവന്ന പശുവിനെ ഫെബ്രുവരി ഒന്നിനാണ് തുറന്ന ജയിലില്‍ വച്ച് പൂജിച്ചത്. ഗോപൂജ നടക്കുന്നതിന്റെ ദിവസങ്ങള്‍ക്കു മുമ്പ് ബിജെപി- ആര്‍എസ്എസ് തടവുകാരെ പങ്കെടുപ്പിച്ചുകൊണ്ടു പ്രത്യേക യോഗം സംഘടിപ്പിച്ചിരുന്നു.

സംഭവം വിവാദമായതോടെ പൂജ നടത്തിയതില്‍ പങ്കില്ലെന്ന വിശദീകരണവുമായി ജയില്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. മഠത്തിന്റെ ആചാരങ്ങള്‍ അവര്‍ നടത്തിയെന്നും അതിനെ ആ രീതിയില്‍ വിലയിരുത്തിയാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഗോപൂജക്ക് കൂട്ടുനിന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക