സിഇടി അപകടം: പ്രധാനപ്രതിയെ അറസ്റ്റുചെയ്തു

ഞായര്‍, 23 ഓഗസ്റ്റ് 2015 (10:05 IST)
കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി തസ്നി ബഷീർ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ബൈജു കെ. ബാലകൃഷ്ണൻ പിടിയിൽ. ഇയാൾ മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  

തമിഴ്നാട്ടിലെ കൊടേക്കനാലിൽ ആണ് ബൈജു ഒളിവിൽ താമസിച്ചത്. കോളജിലുണ്ടായ സംഭവത്തിനു ശേഷം ബൈക്കിലാണ് കൊടേക്കനാലിലേക്ക് കടന്നത്. വിദ്യാർഥിനിയെ ഇടിച്ച ജീപ്പ് ഒാടിച്ചിരുന്നത് ബൈജുവായിരുന്നു. മാതാപിതാക്കളെ ഇന്നലെ കസ്റ്റഡിയിലെടുത്തതോടെ ബൈജു കീഴടങ്ങുകയായിരുന്നു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് പൊലീസിനു മുന്നിൽ പ്രതി കീഴ‍ടങ്ങിയത്.

ശംഖുമുഖം അസി. കമ്മീഷണറാണ് അറസ്റ്റുരേഖപ്പെടുത്തിയത്. തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ബൈജുവിനെ ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി സഞ്ജയ് കുമാര്‍ പറഞ്ഞു. രാവിലെ സിഇടിയില്‍ ബൈജുവിനെ എത്തിച്ച് തെളിവെടുക്കും.

തസ്നിയെ ഇടിച്ച ജീപ്പിൽ ഇരുന്നും നിന്നും യാത്ര ചെയ്ത ഒൻപതു പേരിൽ ആറു പേരെ പൊലീസ് തിരിച്ചറിഞ്ഞു. ജീപ്പ് ഓടിച്ചത് ഏഴാം സെമസ്റ്റർ വിദ്യാർഥി ബൈജു കെ. ബാലകൃഷ്ണനാണെന്നു നേരത്തേ കണ്ടെത്തിയിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ സഹപാഠികളെ കാട്ടിയാണു ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞത്. ഇതിനു പിന്നാലെയാണ് ഒന്നാം പ്രതി പൊലീസിൽ കീഴടങ്ങിയത്.

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നടന്ന ഓണാഘോഷത്തിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് വഴിക്കടവ് സ്വദേശിനി തസ്‌നിയെ ജീപ്പിടിച്ചത്. തലക്കേറ്റ പരിക്കുമൂലം വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ തസ്‌നി മരിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരുലോറിയും രണ്ട് ജീപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഹോസ്റ്റൽ സംഘത്തിലെ നൂറോളം വിദ്യാർഥികളെ കയറ്റി കോളജ് മുറ്റത്തേക്ക് ഓടിച്ചുകയറ്റിയ ലോറി കഴക്കൂട്ടത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനങ്ങള്‍ കേസിന്റെ ഭാഗമാക്കാനാണു തീരുമാനം. കാലങ്ങളായി ഹോസ്റ്റലിൽ ഒളിപ്പിച്ചിരുന്ന രണ്ടു ജീപ്പുകളും ഇനി കുട്ടികൾക്കു വിട്ടുകൊടുക്കരുതെന്നു കോളജ് അധിക‍ൃതർ തന്നെ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക