ജോലി വാഗ്ദാനം ചെയ്ത് കായികതാരത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളും സംഘവും പണം കൈപ്പറ്റിയെന്നാണ് കേസ്. മകന് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത്, കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചിച്ചെന്ന് നെല്ലിക്കുന്ന് മണ്ടകന്‍ വീട്ടില്‍ ഷാജനാണ് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഫയൽ ചെയ്തത്. പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടത്താത്തതിരുന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്നാണ് പ്രതിപ്പട്ടികയിലുള്ളവരോട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാവാന്‍ സമന്‍സ് അയച്ചത്. കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് എന്‍ പീതാംബരക്കുറുപ്പ്, കെപിസിസി അംഗം എം പി വിന്‍സെന്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷിബു ടി ബാലന്‍, ഭാര്യ ദീപ ഷിബു, മകള്‍ സായ്കൃഷ്ണ, ജയ്മല്‍കുമാര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ്.
നാലു ഗഡുക്കളായി 25 ലക്ഷം നല്‍കണമെന്നും ജോലി ലഭിച്ചാല്‍ റെയില്‍വേയില്‍ നിന്ന് വായ്പ ശരിയാക്കാമെന്നും പീതാംബരക്കുറുപ്പ് നിര്‍ദേശിച്ചതായി ഹര്‍ജിയില്‍ പറയുന്നു. പീതാംബരക്കുറുപ്പ് ആവശ്യപ്പെട്ടതാണെന്ന് പറഞ്ഞ പ്രകാരം മെട്രോ റെയില്‍വേയിലെ ഐഎഎസ് ഉദ്യോഗസ്ഥനെന്ന മട്ടില്‍ രാധാകൃഷ്ണന്‍ എന്നയാളെ പരിചയപ്പെടുത്തുകയും ഇയാള്‍ക്ക് 2013 നവംബര്‍ 22ന് ആലപ്പുഴ കെടിഡിസിയില്‍ വച്ച് ആദ്യഗഡു ആറു ലക്ഷം കൈമാറുകയും ചെയ്തു.
പിന്നീട് നവംബര്‍ 28, ഡിസംബര്‍ 15 തീയതികളിലായി തൃശൂരില്‍ ഷിബു ടി ബാലന് അഞ്ചുലക്ഷം വീതം നല്‍കി. 2014 ഫെബ്രുവരി നാലിന് 5 ലക്ഷം ഷിബുവിന്റെ ഭാര്യ ദീപയുടെ പേരില്‍ യുസിഒ ബാങ്ക് തൃശൂര്‍ അശ്വിനി ശാഖ വഴി കൈമാറി. സായ്കൃഷ്ണയുടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ ശാഖയിലെ അക്കൗണ്ടില്‍ 1.25 ലക്ഷവും നിക്ഷേപിച്ചു. 2014ല്‍ ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് ഷിബു ടി ബാലനുമായി ബന്ധപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് പരാതി.