അങ്കത്തട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ 1203: ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മലപ്പുറത്ത്; കുറവ് വയനാട്ടില്‍

ചൊവ്വ, 3 മെയ് 2016 (08:08 IST)
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം വ്യക്തമായി. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ത്ഥികള്‍ ആണ് പോര്‍ക്കളത്തിലുള്ളത്. വിമതന്മാരും പ്രധാന സ്ഥാനാര്‍ത്ഥികളെ തറ പറ്റിക്കാന്‍ അപരന്മാരും ഇത്തവണയും സജീവമായി തന്നെ രംഗത്തുണ്ട്. 1203 മത്സരാര്‍ത്ഥികളില്‍ വനിതകള്‍ വെറും 109 പേര്‍ മാത്രമാണ്.
 
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പി, 2011ല്‍, 971 സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഇക്കുറി 232 സ്ഥാനാര്‍ത്ഥികള്‍ കൂടുതലാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ - 145. 29 പേര്‍ മാത്രം മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. 1647 പത്രികകള്‍ ആയിരുന്നു ആകെ ലഭിച്ചത്. 
 
ഓരോ ജില്ലയിലെയും സ്ഥാനാര്‍ഥികളുടെ എണ്ണം. തിരുവനന്തപുരം 135, കൊല്ലം 88, പത്തനംതിട്ട 37, ആലപ്പുഴ 75, കോട്ടയം 82, ഇടുക്കി 41, എറണാകുളം 124, തൃശൂര്‍ 100, പാലക്കാട് 94, മലപ്പുറം 145, കോഴിക്കോട് 120, വയനാട് 29, കണ്ണൂര്‍ 87, കാസര്‍കോട് 46. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ള മണ്ഡലം പൂഞ്ഞാര്‍ ആണ്. 17 പേര്‍ ആണ് ഇവിടെ മത്സരിക്കുന്നത്.

വെബ്ദുനിയ വായിക്കുക