കേന്ദ്ര സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ നാളെ പ്രാബല്യത്തില്‍ വരും. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലെത്തുന്നതോടെ ഇപ്പോള്‍ തന്നെ വിലക്കയറ്റം മൂലം കഷ്ടപ്പെടുന്ന സാധാരണക്കാര്‍ കൂടുതല്‍ കഷ്ടത്തിലാകും. ബജറ്റില്‍ പറഞ്ഞിരുന്ന റെയില്‍വെ ചരക്കുകൂലിയുടെ വര്‍ധനവ് പ്രാബല്യത്തിലൂടെ അവശ്യ സാധനങ്ങളുടെ വില കുതിച്ചു കയറും. ഇതിന്റെ മുകളില്‍ സംസ്ഥാന സര്‍ക്കാറിന്റെ പെട്രോള്‍ ഡീസല്‍ സെസ് കൂടിയാകുമ്പോള്‍ കേരളത്തിലുള്ളവരുടെ നടുവൊടിയും.
മണ്ണെണ്ണ, എല്‍പിജി എന്നിവയുടെ കടത്തുകൂലിയിലുള്ള വര്‍ധനവും, കേരളം ഇറക്കുമതി ചെയ്യുന്ന പയറുവര്‍ഗങ്ങളുടേയും ധാന്യങ്ങളുടേയും ചരക്കുകൂലിയില്‍ 10% വരെ കൂട്ടിയതും കുടുംബ ബജറ്റ് അവതാളത്തിലാക്കുമെന്ന് ഉറപ്പ്. സിമന്റ്, സ്റ്റീല്‍ എന്നിവയുടെ ചരക്കുകൂലി കൂട്ടിയത് നിര്‍മ്മാണമേഖലയെ സാരമായി ബാധിക്കും. ഇതിന് മുകളില്‍ സിമിന്റിന്റെ വില കൂട്ടാനുള്ള കേന്ദ്ര നിര്‍ദ്ദേശം കൂടിയാകുമ്പോള്‍ സിമന്റ് വില ഗണ്യമായി വര്‍ധിക്കും.
ഇന്ത്യയില്‍ നിര്‍മിച്ച മൊബൈല്‍ ഫോണ്‍, ലെതര്‍ ചെരുപ്പുകള്‍, ടാബ്ലറ്റ്, എല്‍ഇഡി ബള്‍ബുകള്‍, വാട്ടര്‍ഹീറ്റര്‍ തുടങ്ങിവയാണ് വില കുറയുന്ന സാധനങ്ങള്‍. ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാകുന്നതിനു മുന്‍പുതന്നെ വിലക്കയറ്റത്തിന്റെ സൂചന നല്‍കി തുടങ്ങിയെന്നാണു വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.