തിരുവനന്തപുരം കല്ലയത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലയം സ്വദേശിയും ബ്ലേഡ് മാഫിയ തലവനുമായ ബോംബ് കണ്ണന്‍, പ്രദേശവാസിയായ സജില ഗന്ധി എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പേരുകള്‍ ആത്മഹത്യാ കുറിപ്പില്‍ നേരിട്ടു പരാമര്‍ശിക്കുന്നതിനാലാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ബിജുവിന്റെ വീട്ടിലെത്തി ബോംബ് കണ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമൂലമുണ്ടായ മനോ വിഷമമാണ് കിഴക്കേമുക്കോല സ്വദേശികളായ മനോഹരന്‍ ആശാരി, ഭാര്യ മഹേശ്വരി, മക്കളായ ബിജു, സജു, ബിജുവിന്റെ ഭാര്യ കൃഷ്ണേന്ദു എന്നിവര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം.
അറസ്റ്റിലായ സജിലയുടെ കൈയില്‍ നിന്നും ബിജു പണം കടം നല്‍കിയിരുന്നു. ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിക്കുന്ന ശ്രീകുമാറിന്റെ ഭാര്യയാണ് സജില. ശ്രീകുമാര്‍ ഒളിവിലാണ്.
കേസ് അന്വേഷിക്കാന്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സൈഫുദ്ദീന്റെയും പേരൂര്‍ക്കട സി.ഐയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആത്മഹത്യകുറിപ്പില്‍ പരാമര്‍ശിക്കുന്ന മറ്റ് ആളുകളെ പിടികൂടാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.