ബി ജെ പി പ്രവര്‍ത്തകര്‍ ദേശീയപതാക വലിച്ചുകീറി; എട്ടു പേര്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു

ശനി, 28 ജനുവരി 2017 (09:15 IST)
റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയ സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ബി ജെ പി മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം എട്ടുപേര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. ഐരാപുരം എന്‍ എസ് എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം.
 
റിപ്പബ്ലിക് ദിനമായിരുന്ന വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് ദേശീയപതാക ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. കരയോഗം സെക്രട്ടറിയും താലൂക്ക് യൂണിയന്‍ കണ്‍വീനറുമായ ബി ജയകുമാറിന്റെ നേതൃത്വത്തില്‍ കരയോഗ മന്ദിരത്തിന് അടുത്ത് എത്തിയപ്പോള്‍ പ്രതിഷേധവുമായി ഒരു വിഭാഗം എത്തുകയായിരുന്നു.
 
ബി ജെ പി മണ്ഡലം നേതാവ് കെ ബി രാജന്റെ നേതൃത്വത്തില്‍ ആയിരുന്നു ഒരുവിഭാഗം പ്രതിഷേധവുമായി എത്തിയത്. പതാക ഉയര്‍ത്തുന്നത് തടസ്സപ്പെടുത്തിയ പ്രവര്‍ത്തകര്‍ ബി ജയകുമാറിന്റെ കൈവശമിരുന്ന ദേശീയപതാക ബലമായി തട്ടിയെടുത്ത് കീറിയെന്നാണ് പരാതി. തുടര്‍ന്ന്, കരയോഗ ഭരണസമിതി പൊലീസില്‍ പരാതി നല്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക