ഗുരുനിന്ദ വിഷയത്തില്‍ ബിജെപിക്ക് തിരിച്ചടി; ഗുരുദേവ പ്രതിമ തകര്‍ത്ത കേസില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (10:38 IST)
കണ്ണൂരില്‍ ഗുരുദേവ നിന്ദ വിഷയത്തില്‍ സിപി‌എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുന്നേറുന്നതിനിടെ സംഘപരിവാറിന് അപ്രതീക്ഷിത തിരിച്ചടി. സിപി‌എം നിയന്ത്രണത്തിലുള്ള സാംസ്കാരിക സമിതി ഓഫീലുണ്ടായിരുന്ന ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്ന് ആര്‍എസ്‌എസ്‌-ബിജെപി പ്രവര്‍ത്തകരെ പോലീസ്‌ പിടികൂടി.

ന്യൂമാഹി പൊലീസാണ്‌  പിടികൂടിയത്‌. ഇവരെ പിടികൂടിയ ശേഷം ജാമ്യത്തില്‍ വിട്ടതായും റിപ്പോര്‍ട്ടുണ്ട്‌. ഞായറാഴ്ചയാണ് സിപിഎം നിയന്ത്രണ സംസ്‌കാരിക കേന്ദ്രത്തിന് അടുത്തുള്ള പ്രതിമ തകര്‍ത്തത്. സിപിഎം ഗുരുദേവനെ അപമാനിച്ചുവെന്ന പേരില്‍ കണ്ണൂരില്‍ ബിജെപി ഇന്ന് കരിദിനം ആചരിക്കുന്നതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായത്.

കണ്ണൂര്‍ നാങ്ങാറത്ത്പീടികയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ സംഭവമുണ്ടായത്, കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപി‌എം‌- ബിജെപി സംഘര്‍ഷം ഉണ്ടായിരുന്ന സ്ഥലമായിരുന്നു ഇത്. പിടിയിലായ  വൈശാഖ്, റിഗില്‍, പ്രശോഭ് എന്നിവര്‍ ആര്‍‌എസ്‌എസ് പ്രാദേശിക നേതാക്കളാണെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക