സിനിമയില്‍ നിന്നും നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ പേടിക്കേണ്ടതില്ല: ഭാവന

ശനി, 9 സെപ്‌റ്റംബര്‍ 2017 (17:03 IST)
ചലച്ചിത്ര മേഖലയില്‍ നിന്നും നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ പേടിച്ച് മാറിനില്‍ക്കേണ്ട കാര്യമില്ലെന്ന് നടി ഭാവന. സിനിമയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പൊതുശ്രദ്ധയിലേക്ക് എത്തിക്കാന്‍ ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവ്’ പോലുള്ള സംഘടനകള്‍ക്ക് കഴിയും. ഇത്തരം പ്ലാറ്റ്ഫോമുകൾ സിനിമാ മേഖലയിൽ ആവശ്യമാണെന്നും താരം വ്യക്തമാക്കി.

വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ താന്‍ അത്ര സജീവമല്ല. സിനിമാ രംഗത്തെ പല പ്രശ്നങ്ങളും സംഘടനയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. സിനിമയിൽ നിന്നും സ്ത്രീകൾ അകന്നു നിൽക്കേണ്ട ആവശ്യമില്ലെന്നും മാതൃഭൂമിയുടെ കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

ചലച്ചിത്ര രംഗത്ത് കൂടുതൽ സ്ത്രീകൾ കടന്നു വരുന്നതിൽ നടിയെന്ന നിലയിൽ താൻ അഭിമാനിക്കുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതൽ സ്ത്രീകൾ കടന്ന് വരണമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാ സംവിധാനം ചെയ്‌ത ആദം എന്ന ചിത്രത്തിന്റെ സ്‌കോട്ട്‌ലന്‍ഡിലെ ചിത്രീകരണകാലം തനിക്ക് സന്തോഷകരമായ അനുഭവമാണ് നല്‍കിയത്. ആ സിനിമയുടെ ഭാഗമായി ലഭിച്ച 52 ദിവസങ്ങള്‍ വിലപ്പെട്ടതായിരുന്നു. ഒരുപാട് കാര്യങ്ങള്‍ തിരിച്ചുകിട്ടിയതുപോലെയുള്ള ഫീല്‍ ആ ദിവസങ്ങളില്‍ ലഭിച്ചുവെന്നും ഭാവന പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍