"ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത്" വല്ല തരത്തിലും പോയി കളിക്ക്: ശബരീനാഥനോട് ബെന്യാമിൻ

വെള്ളി, 8 മെയ് 2020 (12:34 IST)
എഴുത്തുക്കാരൻ ബെന്യാമിനും കോൺഗ്രസ് നേതാവും എംഎൽഎയുമായ ശബരീനാഥനും തമ്മിലുള്ള ഫേസ്‌ബുക്ക് കൊമ്പുകോർക്കൽ തുടരുന്നു.യൂത്ത്‌കെയര്‍ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് താൻ ഇപ്പോളുള്ളതെന്നും പ്രവാസികൾക്ക് നാട്ടിലെത്തുന്നതിനായി സംഭാവന ചെയ്യണമെന്നുമുള്ള ബെന്യാമിനെ പരിഹസിച്ചുകൊണ്ടുള്ള ശബരീനാഥന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ബെന്യാമിനെ ചൊടിപ്പിച്ചത്. ശബരീനാഥനെതിരെ രൂക്ഷമായ ഭാഷയിലാണ് ബെന്യാമിന്റെ പ്രതികരണം.
 
100 ഒരു ചെറിയ സംഖ്യയാണെന്നും ശബരിയുടെ സംഘടനാബലവും പ്രവര്‍ത്തനപാരമ്പര്യവും വാചകമടിയിലുള്ള പ്രാവീണ്യവും കണക്കാക്കിയാല്‍ കുറഞ്ഞത് പതിനായിരം ആട് ജീവിതങ്ങളെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് ബെന്യാമിന്റെ തിരിച്ചുള്ള പരിഹാസം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യതയിൽ സംശയമുള്ള ശബരി ഇപ്പോൾ കിട്ടുന്ന പണത്തിന്റെ സുതാര്യത വ്യക്തമാക്കണമെന്നും പോസ്റ്റിൽ പറയുന്നു.
 
ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത് എന്നൊരു നാടന്‍ ചൊല്ല് താങ്കള്‍ ഓര്‍മയുണ്ടാവണമെന്നും അതുകൊണ്ട് തരക്കാരോട് മാത്രം കളി മതിയെന്നും ബെന്യാമിൻ പറയുന്നു.നേരത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനെതിരെ ശബരിയുള്‍പ്പടെയുള്ള. നേതാക്കൾ നടത്തിയ പരിഹാസത്തിന്റെ പേരിലാണ് ബെന്യാമിനും ശബരിയും ഫേസ്‌ബുക്കിൽ വാക്‌പോര് നടത്തിയത്.
 
ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
 
പ്രിയപ്പെട്ട ശ്രീ ശബരീനാഥൻ,
 
താങ്കൾ ഇന്നലെ ഫേസ്ബുക്കിലൂടെ എന്നോടു നട‌ത്തിയ അഭ്യർത്ഥന ഞാൻ ഇത്തിരി വൈകി ഇപ്പോഴാണ് കണ്ടത്.
 
നൂറു പ്രവാസികളെ നാട്ടിൽ എത്തിക്കാനുള്ള നല്ല ഉദ്യമത്തിനു ആദ്യമേ എല്ലാ ആശംസകളും. എന്നാൽ 100 എന്നത് ഒരു ചെറിയ സംഖ്യയല്ലേ ശബരി. നിങ്ങളുടെ സംഘടനാബലവും മഹത്തായ പ്രവർത്തനപാരമ്പര്യവും വാചകമടിയിലുള്ള പ്രാവീണ്യവും കണക്കാക്കിയാൽ ഏറ്റവും കുറഞ്ഞത് ഒരു പതിനായിരം ആടുജീവിതങ്ങളെയെങ്കിലും നിഷ്‌പ്രയാ‍സം നാട്ടിലെത്തിക്കാൻ നിങ്ങൾക്ക് കഴിയും എന്നെനിക്കുറപ്പുണ്ട്. കാരണം ദുരിതാശ്വാസ നിധിയിൽ വിശ്വാസമില്ലാതെ കോടതിയിലേക്കോടിയ സർവ്വീസ് സംഘടനകളും ഉത്തരവ് കത്തിച്ച അധ്യാപകരും ഇന്നലത്തെ പോസ്റ്റു താഴെ വന്ന് ‘സബാഷ് ശബരി’ പറഞ്ഞ താങ്കളുടെ സ്വന്തം അണികളും നിങ്ങളിലുള്ള കടുത്ത വിശ്വാസം രേഖപ്പെടുത്തി സംഭാവന നൽകാൻ ക്യൂ നിൽക്കുക ആയിരിക്കുമല്ലോ. അവർ ഏല്പിച്ച സംഭാവനയുടെ വിവരങ്ങൾ സുതാര്യതയുടെ പര്യായമായ നിങ്ങൾ ഫേസ്ബുക്ക് ലൈവിലോ പത്രസമ്മേളനത്തിലോ ദിവസവും പറയണം. അത് കേൾക്കാൻ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും. ആ സംഘടനാപ്രവർത്തകരുടെ മഹാമനസ്കതയും മനുഷ്യസ്നേഹവും കണ്ട് എനിക്ക് കണ്ണീരണിയണം.
 
അങ്ങനെ വിശ്വസ്തരായ എം.എൽ.എ മാരുടെ അഭ്യർത്ഥന മാനിച്ചും ‘സർവ്വോപരി കള്ളനും തെമ്മാടിയും ദുഷ്ടനുമായ കേരള മുഖ്യമന്ത്രിയെ’ എന്തുവിലകൊടുത്തും തോൽപ്പിക്കുന്നതിനായിട്ടും സംഭാവനകൾ കൂമ്പാരമാകാൻ പോകുന്ന ആ മഹത്തായ വേളയിൽ കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി മറ്റ് ജോലിയും കൂലിയും ഒന്നുമില്ലാതെ ജീവിക്കുന്ന ഒരു സാദാ എഴുത്തുകാരന്റെ നക്കപ്പിച്ചാ സംഭാവനയൊന്നും നിങ്ങൾക്ക് ആവശ്യമില്ല എന്ന് എനിക്കറിയാം.
 
(അതോ ഫേസ്ബുക്കിൽ ലൈക്കും സബാഷും മാത്രമേ ഉള്ളോ.? അവർക്ക് നിങ്ങളെയും വിശ്വാസമില്ലേ? ഈ ചലഞ്ചിനുശേഷവും നിങ്ങളുടെ ‘നമ്പർ‘ നൂറിൽ തന്നെ നിൽക്കുകയാണെങ്കിൽ സ്വന്തം അണികൾക്ക് പോലും കാൽ പണം നിങ്ങളെ ഏല്പിക്കാൻ വിശ്വാസമില്ല എന്ന് എനിക്ക് ന്യായമായും ഊഹിക്കാമല്ലോ. അല്ലേ?)
 
ഇനി അഥവാ യഥാർത്ഥമായും നിങ്ങൾക്ക് എന്നിൽ നിന്ന് ഒരു സാമ്പത്തിക പിന്തുണയോ സഹകരണമോ ആയിരുന്നു ആവശ്യമെങ്കിൽ നിങ്ങളത് ലോകത്തിനോട് വിളിച്ചു പറഞ്ഞല്ല ചോദിക്കുമായിരുന്നത്, ഫോണെടുത്ത് നേരിട്ട് വിളിക്കുകയായിരുന്നു ചെയ്യുന്നത് (മറ്റാരോടും ഫേസ് ബുക്കിലൂടെ നിങ്ങൾ ധനാഭ്യർത്ഥന നട‌ത്തിയതായി കണ്ടില്ല.) അങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം നമുക്കിടയിലുണ്ട് എന്ന് ഇതിനുമുൻപ് പല ആവശ്യങ്ങൾക്കും എന്നെ ഇങ്ങോട്ട് വിളിച്ചിട്ടുള്ളതിലൂടെ, എന്നെ / ഇങ്ങോട്ട് / വിളിച്ചിട്ടുള്ളതിലൂടെ/ താങ്കൾക്കുറപ്പുള്ളതാണല്ലോ.
 
അപ്പോൾ പിന്നെ താങ്കളുടെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ല, ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവിൽ പൊതു സമൂഹത്തിൽ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തിൽ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്. അതിനു മറുപടിയായി ഞാൻ എന്തെങ്കിലും കാര്യമായി പറഞ്ഞു പോയാൽ ആ വാക്കുകളുടെ ഭാരം താങ്ങാനുള്ള മനശക്തി ശബരി, തക്കുടുക്കുട്ടാ, താങ്കൾക്കുണ്ടാവില്ല. ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത് എന്നൊരു നാടൻ ചൊല്ല് താങ്കൾ കേട്ടിട്ടുണ്ടല്ലോ അല്ലേ.? അതുകൊണ്ട് കുഞ്ഞേ പോ. വല്ല തരത്തിലും തണ്ടിയിലും പോയി കളിക്ക്. (താങ്കളുടെ കുടുംബത്തെ ഞാൻ അത്രയും സ്നേഹിക്കുന്നുണ്ട് എന്നുമാത്രം തൽക്കാലം മനസിലാക്കുക)
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍