ചലച്ചിത്ര അക്കാദമിയില്‍ ഭിന്നത: ബീനാ പോള്‍ രാജിവെച്ചു

ചൊവ്വ, 24 ജൂണ്‍ 2014 (13:12 IST)
സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ബീനാ പോള്‍ രാജിവെച്ചു. അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തോടൊപ്പം മേളയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ സ്ഥാനത്ത് നിന്നുമാണ് ബീനാപോള്‍ രാജിവെച്ചത്. ഇത് സംബന്ധിച്ചുള്ള കത്ത് ചലച്ചിത്ര അക്കാദമി സെക്രട്ടറിക്ക് കൈമാറി. 
 
ചലച്ചിത്രമേളയുടെ നടത്തിപ്പില്‍ ഇടപെടലുകള്‍ ഉണ്ടായതാണ് ബീനാപോള്‍ സ്ഥാനം ഒഴിയാന്‍ കാരണം.  കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ചലച്ചിത്രമേളയുടെ ഡയറക്ടറായിരുന്ന ബീനാപോള്‍, അക്കാദമിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് താന്‍ സ്ഥാനമൊഴിയുന്നതെന്നും തനിക്ക് യാതൊരു പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ലെന്നും ബീനാപോള്‍ രാജികത്തില്‍ പറയുന്നു. 
 
സിനിമയുമായി യാതൊരു ബന്ധമില്ലാത്തവരുമാണ് അക്കാദമിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതാണ് മേളയ്ക്ക് എതിരേ ആരോപണം ഉയരാന്‍ കാരണം. കച്ചവട സിനിമയുടെ വക്താക്കളും ഇതിന് കാരണക്കാരാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ബീനാ പോള്‍ ഉന്നയിച്ചിരിക്കുന്നത്. 
 
തന്റെ മാതൃസ്ഥാനമായ സിഡിറ്റിലേക്ക് തിരിച്ചു പോകാനാണ് ബീനാ പോളിന്റെ തീരുമാനം.  എന്നാല്‍ ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ ചലച്ചിത്ര അക്കാദമി ഇതുവരെ തയ്യാറായിട്ടില്ല. ബീനാപോള്‍ കാഴ്ചവച്ചത് മികച്ച പ്രവര്‍ത്തനങ്ങളായിരുന്നുവെന്നും ഇനിയും സ്ഥാനത്തു തുടരാമെന്നുമായിരുന്നു അക്കാദമിയുടെ പ്രതികരണം. ഒരു സ്വകാര്യ സിനിമ പഠനകേന്ദ്രത്തിന്റെ ചുമതല ബീനാ പോള്‍ ഏറ്റെടുക്കുമെന്നും വാര്‍ത്തകളുണ്ട്.  

വെബ്ദുനിയ വായിക്കുക