മാഹിയിലുണ്ടല്ലോ ഇതിനേക്കാൾ മദ്യക്കടകൾ, കേരളത്തിൽ എണ്ണം കുറവെന്ന് ഹൈക്കോടതി

വെള്ളി, 16 ജൂലൈ 2021 (12:21 IST)
സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് മദ്യവിൽപ്പനശാലകളുടെ എണ്ണം വളരെക്കുറവാണെന്നും, അയൽസംസ്ഥാനങ്ങളിൽ ഇതിനേക്കാൾ മദ്യശാലകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
 
അയൽസംസ്ഥാനങ്ങളിൽ 2000 മദ്യവിൽപനശാലകളുള്ളപ്പോൾ കേരളത്തിലിത് 300 മാത്രമാണ്. ചെറിയ പ്രദേശമായ മാഹിയിൽ ഇതിനേക്കാൾ മദ്യഷാപ്പുകളുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക് മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ നടപടിയെടുത്തുകൂടേ എന്നും ഹൈക്കോടതി ചോദിച്ചു. 
 
അതേസമയം സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലറ്റുകളുടെ തിരക്ക് കുറയ്ക്കാനായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പരിസരത്തുള്ള ഔട്ട്‍ലെറ്റും, തൃശ്ശൂർ കുറുപ്പം റോഡിലുള്ള ബവ്റിജസ് ഔട്ട്‍ലെറ്റും പൂട്ടിയതായി ബെവ്കോ കോടതിയെ അറിയിച്ചു. ബെവ്കോ ഇതുവരെ സ്വീകരിച്ച നടപടികളിൽ സംതൃപ്തിയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. 
 
ഹൈക്കോടതി നിർദേശത്തെ തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്കോ സർക്കുലർ നൽകിരുന്നു. ആൾക്കൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സർക്കുലറിൽ ബെവ്കോ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍