ബാര്‍ കോഴ: മുഖ്യമന്ത്രി ആശയക്കുഴപ്പമുണ്ടാക്കിയെന്ന് ചെന്നിത്തല
വെള്ളി, 3 ഏപ്രില്‍ 2015 (19:58 IST)
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേസില്‍ ആരെയും പ്രതിചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്കും മുഖ്യമന്ത്രിക്കും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും പിന്നീട് വിശദീകരിച്ചറ്റൊടെ ആശയക്കുഴപ്പം മാറിയെന്നും ചെന്നിത്തല പറഞ്ഞു.
വിജിലന്‍സിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്രം നല്‍കിയിട്ടുണ്ട്. ഈ കാര്യത്തില്‍ യു.ഡി.എഫ്. ഒറ്റക്കെട്ടാണ്. മാണിക്ക് എതിരെ വിജിലന്‍സ് കേസ് രജിസ്‌റ്റര്‍ ചെയ്‌തതില്‍ സര്‍ക്കാരിന് രണ്ട് അഭിപ്രായമില്ല. കേസില്‍ ആലോചനകള്‍ നടത്തേണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ആലോചിക്കുമെന്നും ചെന്നിത്തല വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണത്തൊടെ ആശയക്കുഴപ്പം മാറിയതായും അദ്ദേഹം പറഞ്ഞു.
ബാര്‍ക്കോഴക്കേസില്‍ മൂന്ന് മന്ത്രിമാര്‍ക്ക് എതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ടേപ്പില്‍ ആവശ്യമായ വിവരങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അത് ഒരു ഊമക്കത്തിന് സമമായിരുന്നു. ടേപ്പില്‍ അന്വേഷണത്തിന് പര്യപ്‌തമായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവിനെ അറിയിച്ചത് വിജിലന്‍സ് ഡയറക്‌ടറാണ്. ഇതില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ല. ധനമന്ത്രി കെ.എം. മാണിയും താനുമായി നല്ല ബന്ധത്തിലാണ്. എന്നാല്‍ കേസ് അന്വേഷണവും വ്യക്‌തിപരമായ ബന്ധവും വ്യത്യസമുണ്ട്. പിസി ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.