ബാര്‍ കോഴക്കേസില്‍ ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തിയിട്ടില്ല: ഉമ്മന്‍ ചാണ്ടി

വെള്ളി, 3 ഏപ്രില്‍ 2015 (18:11 IST)
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ പ്രസ്താവന തെറ്റായി വളച്ചൊടിക്കാമെന്ന് ആരും കരുതണ്ട. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അഭിപ്രായം തന്നെയാണ് തനിക്കും. എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി രമേശ് തന്നോട് പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രചാരണം മാധ്യമങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.

കേസെടുക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥരുടേതാണ്. മാണീയുടെ കാര്യത്തില്‍ എല്ലാ കാര്യങ്ങളും രമേശ് ചെന്നിത്തലയും ചര്‍ച്ച ചെയ്താണ് തീരുമാനിക്കുന്നത്. അപ്പോഴൊന്നും രമേശ് എതിര്‍പ്പ് പറഞ്ഞിട്ടില്ല. ബാര്‍ കോഴക്കേസില്‍ രണ്ട് അഭിപ്രായമുണ്ടെന്നത് ശരിയാണ്. എന്നാല്‍ അത് താനും രമേശും തമ്മിലല്ല. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അതില്‍ ഇടപെടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

നാഥനില്ലാത്ത ആരോപണമാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉന്നയിക്കുന്നത്. വിഎസ് വിജിലന്‍സിന് നല്‍കിയ തെളിവില്‍ ഒന്നും ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കേണ്ട കാര്യമില്ലായിരുന്നുവെന്ന മന്ത്രി കെ.എം. മാണിയുടെ പ്രതികരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചും ആഭ്യന്തര വകുപ്പിന്റെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രി മാണിക്കെതിരെ കേസ് എടുക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം രാഷ്ട്രീയ-നിയമ തലങ്ങളിലുണ്ടെന്നാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക