ബാറുടമകൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകി; സർക്കാർ തടസഹർജി സമർപ്പിച്ചു
പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകാനുള്ള ഹൈക്കോടതി വിധിക്കെതിരെ ബാർ ഉടമകൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് എന്ന രീതി വിവേചനപരമാണ്. ഫൈവ് സ്റ്റാർ ഒഴികെയുള്ള ബാറുകൾ പൂട്ടുബോള്‍ ഉണ്ടാകുന്ന തൊഴില്‍ നഷ്‌ടം ഹൈക്കോടതി പരിഗണിച്ചില്ലെന്നും ബാറുടമകൾ സുപ്രീംകോടതിയെ അറിയിച്ചു.
നിലവിലെ സാഹചര്യവും അവസ്ഥയും മനസിലാക്കാതെയും വസ്തുതകൾ കണക്കിലെടുക്കാതെയുമാണ് സർക്കാരിന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചത്. അതിനാൽ തന്നെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഫോർ സ്റ്റാർ ഹോട്ടലുകളുടെ നാല് ഉടമസ്ഥരാണ് അപ്പീൽ നൽകിയത്. അതേസമയം ബാറുടമകളുടെ അപ്പീലിനെതിരെ സർക്കാർ തടസഹർജി സമർപ്പിച്ചു. ബാറുടമകളുടെ വാദം കേൾക്കുന്പോൾ സർക്കാരിന്റെ വാദവും കോടതി കേൾക്കും.