മകന്റെ മോഹങ്ങള്‍ പൂവണിയിക്കാന്‍ എന്നും ശ്രമിച്ചു; മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം വേട്ടയാടിയപ്പോള്‍ ഇടതിലേക്ക് പോകാന്‍ നീക്കം നടത്തി, ബാർ കോഴയ്‌ക്ക് പിന്നില്‍ കോൺഗ്രസ് നേതാക്കള്‍ - മാണിക്കെതിരെ തുറന്നടിച്ച് ആന്റണി രാജു
വെള്ളി, 1 ജൂലൈ 2016 (14:56 IST)
കേരളാ കോണ്‍ഗ്രസ് (എം) നേതാവും ചെയര്‍മാനുമായ കെഎം മാണിക്കെതിരെ ബാര്‍ കോഴ ആരോപണത്തിന് ചുക്കാന്‍ പിടിച്ചതും ഗൂഢാലോചന നടത്തിയതും കോൺഗ്രസ് നേതാക്കളായിരുന്നുവെന്ന് ആന്റണി രാജു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു.
മാണി ഇടതു മുന്നണിയിലേക്ക് പോകുമെന്ന ഭയന്ന ചിലരാണ് ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ചില കോണ്‍ഗ്രസ് നേതാക്കളാണ് ഇതിനു പിന്നില്‍. കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിടുമെന്ന വാര്‍ത്തകള്‍ ചൂടു പിടിച്ചിരിക്കുന്ന സമയത്താണ് ഈ ആരോപണം പുറത്തു വന്നത്. ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തനിക്കറിയാമെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇടതുമുന്നണിയിലേക്ക് പോകാന്‍ മാണി ശ്രമം നടത്തിയിരുന്നു. മുതിര്‍ന്ന നേതാവായ പിജെ ജോസഫ് വിഭാഗത്തെ ചേർത്തുനിർത്തിയും ചിലസമയത്ത് അകറ്റിനിർത്തിയുമാണ് ചർച്ചകൾ നടത്തിയിരുന്നത്. ഇടുക്കി പട്ടയം, കസ്തൂരിരംഗൻ റിപ്പോർട്ട് തുടങ്ങിയ വിഷയങ്ങള്‍ തിരിച്ചടി നല്‍കിയതോടെയാണ് ഇടതു പാളയത്തിലേക്ക് പോകാന്‍ മാണി നീക്കം നടത്തിയതെന്നും ആന്റണി രാജു പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് ജയിക്കാൻ സാധ്യത കോട്ടയം സീറ്റ് ആണെന്നതും ഒരുപക്ഷേ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ലഭിക്കുമായിരുന്ന സഹമന്ത്രിസ്ഥാനവുമാണ് മാണിയെ ഇടതു മുന്നണിയിലേക്ക് പോകുന്നത് താല്‍ക്കാലികമായി തടഞ്ഞു നിര്‍ത്തിയത്. പിന്നാലെ ബാര്‍ കോഴ ആരോപണം ഉന്നയിച്ച് മാണിയെ യു ഡി എഫില്‍ തളച്ചിടാന്‍ കോണ്‍ഗ്രസില്‍ നിന്നും ഗൂഢാലോചന നടക്കുകയായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു.