ബാബുവിനെ രക്ഷിക്കാന്‍ നിശാന്തിനിക്ക് നിര്‍ദേശം നല്‍കിയതാര് ?; ജേക്കബ് തോമസിന്റെ നിയമനത്തോടെ നാടകം പൊളിഞ്ഞു
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (15:22 IST)
അനധികൃത സ്വത്ത് കേസില്‍ കുടുങ്ങിയ മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ഇറക്കിയ അന്വേഷണ ഉത്തരവ് എറണാകുളം വിജിലന്‍സ് എസ്പി ആയിരുന്ന ആര്‍ നിശാന്തിനി പൂഴ്ത്തിയതായി വിജിലന്‍സിന് വിവരങ്ങള്‍ ലഭിച്ചു. അനധികൃത സ്വത്ത് കേസിൽ കെ ബാബുവിനെതിരെ രഹസ്യാന്വേഷണം നടത്തണമെന്ന കോടതി ഉത്തരവാണ് നിശാന്തിനി പൂഴ്ത്തിവെച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാബു അഴിമതി നടത്തിയെന്ന പരാതി ലഭിച്ചത്. കോടതി ഇടപെടലിലൂടെ ഫെബ്രുവരി അഞ്ചിന് വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണ ഉത്തരവിറങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് അന്വേഷണമോ, പരിശോധനകളോ നടന്നില്ല. അഞ്ച് മാസത്തോളമാണ് നിശാന്തിനി ഒരു നടപടിയും സ്വീകരിക്കാതെ ഫയല്‍പൂഴ്ത്തിയത്.
പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം വിജിലന്‍സ് ഡയറക്‍ടറായി വന്ന ജേക്കബ് തോമസ് കെട്ടിക്കിടക്കുന്ന കേസുകളെകുറിച്ച്
പരിശോധിച്ചപ്പോഴാണ് ഈ ഫയല്‍ മുക്കിയ കാര്യം അറിയുന്നത്. തുടര്‍ന്ന് അന്വേഷണം നടത്താന്‍ വിജിലന്‍സ് സപെഷ്യല്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ പ്രാഥമിക പരിശോധന നടത്താന്‍ കൊച്ചി സ്പെഷ്യല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ പ്രാഥമിക അന്വേഷണമാണ് ബാബുവിനും രണ്ട് ബിനാമികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥിതിയിലെത്തിയത്.
തൃപ്പൂണിത്തുറ പ്രതികരണവേദി എന്ന ലെറ്റർ ഹെഡിലുള്ള കത്തിലാണ് അനധികൃത സ്വത്തിന്റെ വിശദാംശങ്ങൾ നൽകിയിട്ടുള്ളത്. ഇത്തരത്തില്‍ അഞ്ചു അഞ്ച് കത്തുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും ലഭിച്ചത്. തുടര്‍ന്നാണ് ഈ കത്തിന്മേല്‍ രഹസ്യാന്വേഷണം നടത്താന വിജിലന്‍സ് കോടതി, വിജിലന്‍സിന്റെ കൊച്ചി റേഞ്ച് എസ്പി നിശാന്തിനിക്ക് രേഖാമൂലം ഉത്തരവ് നല്‍കിയത്.
മുന്‍ സര്‍ക്കാരിന്റെ കലത്ത് ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍- ഉദ്യോഗസ്ഥ ലോബി വഴിവിട്ട സഹായങ്ങള്‍ ചെയ്‌തിരുന്നു. ബാര്‍ കോഴ ആരോപണം ശക്തമായപ്പോള്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി ധനമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ ബാബു സുരക്ഷിതനായിരുന്നു. തുടര്‍ന്നാണ് ബാര്‍ കോഴ ആരോപണത്തില്‍ ഇരട്ട നീതി എന്ന ആരോപണം മാണിയും സംഘവും ഉയര്‍ത്തിയത്. എന്നാല്‍, മാണിയെ കുടുക്കിലാക്കി ബാബുവിനെ രക്ഷിക്കാനായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ ചിലര്‍ ശ്രമിച്ചത്.