ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശവും പകര്‍ന്ന് കേരളത്തിലെ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പ്രിയപ്പെട്ടതൊക്കെയും ദൈവത്തിനര്‍പ്പിച്ച പ്രവാചകന്‍ ഇബ്രാഹീമിന്റെ ത്യാഗനിര്‍ഭരമായ ജീവിതസ്മരണ ഓര്‍ക്കുന്നതാണ് ബലിപെരുന്നാള്‍.
മനുഷ്യരുടെ ഒരുമയെ വിളംബരം ചെയ്യുന്ന ഹജ്ജ് പോലെ സാഹോദര്യത്തിന്റെ ഒരു ലോകത്തെയാണ് ബലിപെരുന്നാള്‍ വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. പള്ളികളിലും ഈദ്‌ഗാഹുകളിലും പ്രാര്‍ഥനകളും സന്ദേശങ്ങളും നടക്കുകയാണ്.
പുത്തനുടുപ്പും മൈലാഞ്ചിക്കൈകളും പെരുന്നാള്‍ ആഘോഷത്തിന്റെ പൊലിമ കൂട്ടും. പരസ്പരം കൂടിച്ചേരാനും സൌഹൃദങ്ങള്‍ പങ്കുവെക്കാനും ഈ പുണ്യദിനത്തെ വിശ്വാസികള്‍ ഉപയോഗപ്പെടുത്തും. കുടുംബ ബന്ധങ്ങള്‍ പുതുക്കുന്നതിന് പ്രത്യേക പുണ്യമുണ്ട് ഈദ് ദിനത്തില്‍. വിശ്വാസികളുടെ വീടുകളില്‍ ഒത്തു കൂടുന്നതിനും ആഹാരങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള നിമിഷമാണ് ബലിപെരുന്നാള്‍.
ഹജ്ജിനോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന ആഘോഷമാണ് ബലിപെരുന്നാള്‍. പ്രവാചകന്‍ ഇബ്രാഹീം നബി, മകന്‍ ഇസ്മാഈല്‍ നബി, പത്നി ഹാജറബീവി എന്നിവരുടെ ത്യാഗോജ്ജ്വല ജീവിതമാണ് ഹജ്ജിലും ബലിപെരുന്നാളിലും സ്മരിക്കപ്പെടുന്നത്. ‘ അല്ലാഹു അക്ബര്‍ ’ (ദൈവം മഹാനാണ്) എന്ന തക്ബീര്‍ ധ്വനികളുമായി ഈദ്ഗാഹുകളിലേക്ക് നമസ്കാരത്തിനായി തിരിക്കുമ്പോള്‍ ദൈവവിളികേട്ട് ആയിരം കാതങ്ങള്‍ താണ്ടിയത്തെിയ ജനലക്ഷങ്ങള്‍ മക്കയില്‍ ഹജ്ജിന്റെ നിര്‍വൃതിയില്‍ മുഴുകുന്നു. പെരുന്നാളിനു ശേഷം 3 ദിനങ്ങള്‍കൂടി ഈ പ്രാര്‍ഥന തുടരും. മസ്ജിദുകളിലും ഈദ്ഗാഹുകളിലുമാണ് ഈദ് നിസ്കാരങ്ങള്‍ നടക്കുന്നത്.