തന്റെ ബിനാമിയെന്ന് വിജിലൻസ് ആരോപിക്കുന്ന ബാബുറാമുമായി ഒരു ബന്ധവുമില്ലെന്ന് മുൻ മന്ത്രി കെ ബാബു. ബാർ കോഴക്കേസിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ ബാബുറാം വിജിലൻസ് മേധാവിക്ക് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ വിവരം അറിയില്ലെന്നും ബാബു പറഞ്ഞു.
ബാബുറാമിന്റെ ബിസിനസുകളുമായോ ഇടപാടുകളുമായോ തനിക്ക് ഒരു ബന്ധവുമില്ല. കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ ബാബുറാമിനെ അറിയാം. പല പരിപാടികളിലും അദ്ദേഹം എന്നെ വിളിക്കുകയും സഹകരിക്കുകയും ചെയ്‌തിട്ടുണ്ടെന്നും കൊച്ചിയിൽ വിജിലൻസ് ആസ്‌ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബാബു പറഞ്ഞു.
അതേസമയം, ബാബുവിന്റെ പ്രസ്‌താവനയേ തള്ളി ബാബുറാം രംഗത്തെത്തി. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി തനിക്ക് ബന്ധമുണ്ട്. ബാബുവിനെ വിജിലന്‍സ് ക്രൂശിച്ച് ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുന്നതിലുള്ള വികാരമാണ് ബാബുവിനു വേണ്ടി മുന്‍ ആഭ്യന്തര മന്ത്രിക്കും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും കത്തയച്ചതെന്നും ബാബുറാം പറഞ്ഞു.
വിജിലന്‍സ് ആടിനെ പട്ടിയാക്കുകയാണ്. ബാബുവുമായി തനിക്കുള്ളത് രാഷ്‌ട്രീയ ബന്ധം മാത്രമാണ്. പ്രാദേശിക വിഷയങ്ങള്‍ സംസാരിക്കാനും ശ്രദ്ധയില്‍ പെടുത്താനുമാണ് ബാബുവിനെ വിളിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും തന്റെ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും ബാബുറാം വ്യക്തമാക്കി.