നിര്‍മ്മാണ മേഖലയിലെ സ്തംഭനമൊഴിവാക്കും: മുഖ്യമന്ത്രി

വ്യാഴം, 3 ജൂലൈ 2014 (15:14 IST)
സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലെ സ്തംഭനമൊഴിവാക്കാന്‍ സത്വരനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാറ, മണല്‍ എന്നിവ ഉള്‍പ്പെടെ നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കുന്നതിലെ തടസവും ഇവ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന അനാവശ്യ തടസങ്ങളും നീക്കുന്നതിന് നടപടിക്രമങ്ങള്‍ ലളിതമാക്കാനാവശ്യമായവ സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടത്തിയ നിര്‍മ്മാണ തൊഴിലാളി നേതാക്കളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. 
 
സംസ്ഥാനത്ത് റെയില്‍വേ നടത്താനിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മൂന്നിലൊന്ന് മാത്രമാണ് പൂര്‍ത്തിയാക്കാനായത്. സാധനസാമഗ്രികളുടെ ലഭ്യതയിലും അവ കൊണ്ടുപോവുന്നതിലുമുള്ള തടസ്സമാണ് കാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതിയ്ക്ക് ദോഷം തട്ടാതെ നടപടിക്രമങ്ങള്‍ ലളിതമാക്കിയാല്‍ മാത്രമേ നിര്‍മ്മാണ രംഗത്തെ സ്തംഭനത്തിന് പരിഹാരമാവൂ എന്നും യോഗം വിലയിരുത്തി. അന്യസംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും മണല്‍ എത്തിക്കാന്‍ നടപടിക്രമങ്ങള്‍ ലളിതവത്ക്കരിച്ചത് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. 

വെബ്ദുനിയ വായിക്കുക